'സുദൃഢം' ക്യാമ്പയിന്‍: കുടുംബശ്രീ ഭാരവാഹികള്‍ക്ക് കണക്കെഴുത്ത് പരിശീലനം

post

കുടുംബശ്രീയുടെ 25-മത് വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാന മിഷന്റെ നേതൃത്വത്തില്‍ നടത്തിയ 'സുദൃഢം' ക്യാമ്പയിന്റെ ഭാഗമായി പുനലൂര്‍ നഗരസഭയിലെ കുടുംബശ്രീ ഭാരവാഹികള്‍ക്ക് കണക്കെഴുത്ത് പരിശീലനം നല്‍കി. നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലനത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കാസ് മെമ്പര്‍ ഗിരിജ ക്ലാസ് നയിച്ചു. നഗരസഭയിലെ സി.ഡി.എസ്, എ.ഡി.എസ് അംഗങ്ങള്‍ക്കും 35 വാര്‍ഡുകളിലെ കുടുംബശ്രീ ഭാരവാഹികള്‍ക്കും സാമ്പത്തിക രജിസ്റ്റര്‍, സമാഹൃത രജിസ്റ്റര്‍, വായ്പ രജിസ്റ്റര്‍, മിനിറ്റ്സ് എന്നിവ കൃത്യമായി രേഖപ്പെടുത്തുന്നതിലാണ് പരിശീലനം നല്‍കിയത്.

കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമാക്കാനാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. പുതിയ അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കുക, അംഗങ്ങളെ ഉള്‍പ്പെടുത്തുക, നിഷ്‌ക്രിയ അയല്‍ക്കൂട്ടങ്ങളെ പ്രവര്‍ത്തനസജ്ജമാക്കുക, അയല്‍ക്കൂട്ട അംഗങ്ങളില്‍ കൃത്യമായ കണക്കെഴുത്ത് പരിശീലിപ്പിക്കുക എന്നിവയായിരുന്നു രണ്ടാഴ്ച നീളുന്ന ക്യാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങള്‍. പുതുതായി ചേരുന്ന അംഗങ്ങളുടെ വിവരങ്ങള്‍ ദേശീയ ഉപജീവന മിഷന്റെ പോര്‍ട്ടലില്‍ ചേര്‍ക്കുകയും ചെയ്യും.