ലഹരി വിരുദ്ധ ഐക്യദാർഢ്യം; കീരംപാറ പഞ്ചായത്തിൽ മനുഷ്യ ചങ്ങല തീർത്തു

ലഹരിക്കെതിരെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ചിരിക്കുന്ന പ്രതിരോധ പരിപാടിയുടെ ഭാഗമായി കീരംപാറ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മനുഷ്യ ചങ്ങല തീർത്തു. ആന്റണി ജോൺ എം.എൽ.എ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കീരംപാറ മുതല്‍ പുന്നേക്കാട് വരെയാണ് ലഹരി വിരുദ്ധ ഐക്യദാര്‍ഡ്യ - മനുഷ്യ ചങ്ങല തീര്‍ത്തത്. ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കുചേരണമെന്ന് ഉദ്ഘാടന ആന്റണി ജോൺ എം.എൽ.എ പറഞ്ഞു. സമൂഹത്തിൽ ലഹരിയുടെ ഉപയോഗം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് സർക്കാർ വിപുലമായ പരിപാടികൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ചെറിയ കുട്ടികൾ വരെ ലഹരിയുടെ പിടിയിൽ അകപ്പെടുന്ന കാഴ്ച നമുക്ക് മുന്നിലുണ്ട്. ഈ സാഹചര്യത്തിൽ ലഹരിക്കെതിരെ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ജനപ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ, മത-സാമൂഹ്യ കൂട്ടായ്മകൾ, വിദ്യാർത്ഥികൾ, അധ്യാപകർ, കുടുംബശ്രീ പ്രവർത്തകർ, വ്യാപാരി വ്യവസായി ഏകോപന സമിതി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിവരെ കോർത്തിണക്കിയായിരുന്നു പരിപാടി. കീരംപാറ സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. അരുൺ വലിയതാഴത്ത് മനുഷ്യ ചങ്ങലയിൽ പങ്കെടുത്തവർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.