പെരുവന്താനം പഞ്ചായത്തിൽ ഹരിതമിത്രം സ്മാർട്ട് ഗാർബേജ് പദ്ധതി തുടങ്ങി

ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് പദ്ധതിക്ക് പെരുവന്താനം പഞ്ചായത്തിൽ തുടക്കമായി. ഹരിതകർമ സേനാ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തിൽ കെൽട്രോണിന്റെ സാങ്കേതിക പിന്തുണയോടെ കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് ഹരിതമിത്രം. ഹരിതകർമ സേനാ പ്രസിഡന്റ് നിർമ്മല ദേവിക്ക് ക്യുആർ കോഡ് കൈമാറി പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് ഡൊമിന സജി ഉദ്ഘാടനം നിർവഹിച്ചു.
ആദ്യഘട്ടമായി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ രണ്ടാം വാർഡിൽ ക്യുആർ കോഡ് പതിക്കൽ ആരംഭിച്ചു. ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് സിസ്റ്റം മുഖേന ഹരിത കർമ സേനയുടെ നേതൃത്വത്തിൽ ശേഖരിക്കുന്ന മാലിന്യങ്ങൾ എത്രയെന്നും അവ എങ്ങനെ സംസ്കരിക്കുന്നുവെന്നുമുള്ള വിവരങ്ങൾ ഇനി മൊബൈൽ ഫോണിലൂടെ അറിയാൻ കഴിയും.