വിദ്യാവനം പദ്ധതിക്ക് 4 സ്കൂളുകളിൽ തുടക്കം

post

സംസ്ഥാന വനം-വന്യജീവി വകുപ്പിന്റെ നേതൃത്വത്തിൽ സ്‌കൂൾ ഫോറസ്ട്രി ക്ലബ്ബുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന വിദ്യാവനം പദ്ധതിക്ക് നാല് സ്കൂളുകളിൽ തുടക്കമായി. എടക്കളത്തൂർ ശ്രീരാമചന്ദ്ര യു പി സ്കൂൾ, കുന്നംകുളം ബെഥനി സെൻ്റ്. ജോൺസ് ഇംഗ്ലീഷ് ഹയർസെക്കൻഡറി സ്കൂൾ, മണ്ണലംകുന്ന് എൽപി സ്കൂൾ, പാറമേക്കാവ് വിദ്യാമന്ദിർ സ്കൂളുകളിലാണ് വിദ്യാവനം പദ്ധതിക്ക് തുടക്കമായത്.

വനംവകുപ്പിന്റെ സാമൂഹ്യവനവൽക്കരണ വിഭാഗം വിദ്യാലയങ്ങളിൽ വളരെ ചുരുങ്ങിയ സ്ഥലത്ത് അതിസാന്ദ്രതയിൽ ജൈവവൈവിധ്യ മരങ്ങൾ നട്ടുവളർത്തിയെടുക്കുന്ന പദ്ധതിയാണ് വിദ്യാവനം. ഓരോ വിദ്യാവനത്തിനും ക്യൂ ആർ കോഡിങ് നടത്തി ബോർഡ്‌ വെച്ചു സ്ഥാപിക്കുന്നതിനായി വനം വകുപ്പിൽനിന്ന് ഇപ്പോൾ ധനസഹായവും ലഭിക്കുന്നുണ്ട്. ഫോറസ്ട്രി ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി എടക്കളത്തൂർ ശ്രീരാമചന്ദ്ര യു പി സ്കൂളിലേയും പാറമേക്കാവ് വിദ്യാമന്ദിർ സ്കൂളിലെയും വിദ്യാർത്ഥികൾ കുതിരാൻ വനവിജ്ഞാന കേന്ദ്രം സന്ദർശിച്ചു.

തൃശൂർ ഡിവിഷനിൽ രണ്ടു റേഞ്ചുകളിൽ 82 ഫോറസ്ട്രി ക്ലബ്ബുകളാണ് വനം വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പരിസ്ഥിതിയെയും കാടിനെയും പരിചരിക്കുന്ന യുവതലമുറയെ വാർത്തെടുക്കാൻ വനം-വന്യജീവി വകുപ്പിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ചതാണ് വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ഫോറസ്ട്രി ക്ലബ്ബുകൾ.

വനം വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി പരിസ്ഥിതിക്യാമ്പുകൾ, വന്യജീവിസങ്കേത സന്ദർശനങ്ങൾ, ബീച്ച് ശുചീകരണം, കാട്ടുതീ തടയാനുള്ള ബോധവൽക്കരണ ക്യാമ്പയിനുകൾ, കണ്ടൽക്കാട് സന്ദർശനം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ഫോറസ്ട്രി ക്ലബ്ബ് തൃശ്ശൂരിൽ നടത്തിവരികയാണ്. ജലാഗിരണശേഷി വർധിപ്പിക്കുക, തദ്ദേശീയ ഔഷധച്ചെടികൾ, കുറ്റിച്ചെടികൾ, വള്ളിച്ചെടികൾ, മരങ്ങൾ എന്നിവ നട്ടുപിടിപ്പിച്ച് പരിപാലിക്കുക തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കുന്നുണ്ട്.