ജലാശയ അപകടങ്ങളെ നേരിടാൻ ചാലിയാറിൽ മോക്ക്ഡ്രിൽ സംഘടിപ്പിച്ചു

post

ജലാശയ അപകടങ്ങളെ നേരിടാൻ ചാലിയാറിൽ മോക്ഡ്രില്ലും പരിശീലനവും സംഘടിപ്പിച്ച് മഞ്ചേരി ഫയർ ആൻഡ് റസ്ക്യു. താലൂക്ക് ദുരന്ത നിവാരണ സേനക്കാണ് ഏകദിന പരിശീലനം നൽകിയത്. മഞ്ചേരി ഫയർ ആൻഡ് റസ്ക്യു സ്റ്റേഷൻ ഒഫിസർ പ്രദീപ് പാമ്പലത്ത് പരിശീലനം ഉദ്ഘാടനം ചെയ്തു.

തോണി മറിഞ്ഞ് എട്ട് കുട്ടികൾ മരിച്ച മൂർക്കനാട് കടവിന് സമീപത്തെ മുക്കം കടവിലാണ് ടി.ഡി.ആർ.എഫ് വളന്റിയർമാർക്ക് പരിശീലനം സംഘടിപ്പിച്ചത്. തോണിയോ ബോട്ടോ മറിഞ്ഞ് കൂടുതൽ ആളുകൾ വെള്ളത്തിൽ പോയാൽ ഓടിയെത്തുന്ന നാട്ടുകാരും വളന്റിയർമാരും നടത്തേണ്ട പ്രധാന കാര്യങ്ങളിലാണ് പരിശീലനം നൽകിയത്.

അപകടത്തിൽപ്പെട്ടവരിൽ യാതൊരു സുരക്ഷ ഉപകരണങ്ങളും കയ്യിലില്ലാത്തവരുടെ അടുത്തേക്കാണ് ആദ്യമെത്തേണ്ടതെന്നും കരയിൽ നിന്ന് കയർ മറ്റു പകരണങ്ങൾ എറിഞ്ഞ് കൊടുക്കേണ്ട രീതിയും മുങ്ങിപ്പോയവരെ എടുത്ത് പ്രഥമശുശ്രുഷ കൊടുക്കേണ്ട രീതിയുമെല്ലാം പരിശീലനത്തിൽ ഉൾപെടുത്തിയിരുന്നു.മുങ്ങി താഴുന്നവരെ എങ്ങനെ പിടികൂടാം എന്നും അവർ കയറിപ്പിടിച്ച് അപകടത്തിൽപെടുന്നത് തടയാൻ എന്തെല്ലാം ചെയ്യണമെന്ന കാര്യത്തിൽ കൃത്യമായ പ്രായോഗിക പരിശീലനം നൽകി.

മലപ്പുറം ഫയർ സ്റ്റേഷൻ ഓഫീസർ അബ്ദുൽ ഗഫൂർ, മഞ്ചേരി ഫയർഫോഴ്സിലെ എം.വി അനൂപ്, കെ.കെ പ്രജിത്ത് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. കെ.വി.വി.എസ് പ്രസിഡണ്ട് നാസർ മുഖ്യാഥിതിയായി. അപകടസ്ഥലത്തെ വാഹന പാർക്കിങ്, ആംബുലൻസ് മറ്റ് വാഹനം എത്തിക്കൽ, ആംബുലൻസിൽ സി.പി.ആർ നൽകി കൂടെ പോകൽ അടക്കം പല വിധ കാര്യങ്ങളിലാണ് പരിശീലനവും ചർച്ചയും നടന്നത്. വളന്റിയർമാരുടെ സ്വഭാവശുദ്ധീകരണത്തെ കുറിച്ച് ലുക്മാൻ മമ്പാട് ക്ലാസെടുത്തു. ടി.ഡി.ആർ.എഫ് ചീഫ് കോഡിനേറ്റർ ഉമറലി ശിഹാബ് പരിശീലനം നിയന്ത്രിച്ചു.

ഫയർ ഓഫീസർമാരായ സി ഷൈജു, പി .പി അബ്ദുൽ ഷമീം, കെ ബിനീഷ് എന്നിവരും സിവിൽ ഡിഫൻസ് അംഗങ്ങളും ‌പരിശീലനത്തിൽ പങ്കെടുത്തു. ചാലിയാറിലെ ചെറുതും വലുതുമായ വള്ളങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിന് വേണ്ട നടപടികൾ ഊർജിതമാക്കുമെന്നും ഫയർ ഫോഴ്സ് അറിയിച്ചു.