സംരംഭക സൗഹൃദ പഞ്ചായത്താകാൻ ചേന്ദമംഗലം;ആരംഭിച്ചത് 48 സംരംഭങ്ങൾ

കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച 'ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ' പദ്ധതിയുമായി അതിവേഗം മുന്നേറുകയാണ് ചേന്ദമംഗലം ഗ്രാമ പഞ്ചായത്ത്. 48 സംരംഭങ്ങളാണ് ചുരുങ്ങിയ കാലയളവിൽ പഞ്ചായത്ത് പരിധിയിൽ തുടങ്ങിയത്. വരും ദിവസങ്ങളിൽ കൂടുതൽ സംരംഭക യൂണിറ്റുകൾ ആരംഭിക്കും.
ഒൻപത് ഉത്പാദന യൂണിറ്റുകൾ, 14 സേവന യൂണിറ്റുകൾ, 25 കച്ചവട യൂണിറ്റുകൾ എന്നിവയാണ് ആരംഭിച്ചിട്ടുള്ളത്. ഇതിൽ 22 എണ്ണം സ്ത്രീ സംരംഭക യൂണിറ്റുകളാണ്. ഇത്തവണ യുവ സംരംഭകരും കൂടുതലായി കടന്നു വന്നിട്ടുണ്ട്. 23 യൂണിറ്റുകളാണ് യുവ തലമുറ സംരംഭകർ ആരംഭിച്ചിരിക്കുന്നത്.
2022-23 സാമ്പത്തിക വർഷം സംരംഭക വർഷമായി പ്രഖ്യാപിച്ച് വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സംയോജിച്ചുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ഇതിൻ്റെ ഭാഗമായി ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ നവസംരംഭകരെ കണ്ടെത്തുന്നതിനും അവർക്കു വേണ്ട വിവരങ്ങളും ബോധവൽക്കരണവും ലഭ്യമാക്കുന്നതിനുമായി ചേന്ദമംഗലം ഗ്രാമ പഞ്ചായത്തും നോർത്ത് പറവൂർ താലൂക് വ്യവസായ ഓഫീസും സംയുക്തമായി രണ്ടു തവണ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചിരുന്നു. സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള ബോധവൽക്കരണ സെമിനാറും ഇതോടൊപ്പം നടന്നു. ശിൽപ്പശാലകൾ സംഘടിപ്പിച്ചതോടെ നിരവധി അപേക്ഷകളാണ് വരുന്നത്.
സംരംഭകര്‍ക്ക് സേവന സഹായങ്ങൾ ഉറപ്പുവരുത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വ്യവസായ വകുപ്പ് ഇന്റേണുകളെ നിയമിച്ചിട്ടുണ്ട്. സംരംഭം തുടങ്ങുന്നതിന് ആവശ്യമായ ലൈസന്‍സ്, അനുമതി എന്നിവ ലഭ്യമാക്കുന്നതിന് ഇന്റേണുകളുടെ സേവനം സംരംഭകർക്ക് പ്രയോജനപ്പെടുത്താം. സംരംഭകര്‍ വായ്പയ്ക്കായി ബാങ്കില്‍ നല്‍കിയിട്ടുള്ള അപേക്ഷകളുടെ അനന്തര നടപടികൾ വിലയിരുത്തുന്നതിനും വായ്പ സമയബന്ധിതമായി ലഭിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയ സേവനങ്ങൾ ഇവർ ഉറപ്പാക്കും. ലൈസന്‍സിന് അപേക്ഷിച്ചവരുടെ വിവരം ശേഖരിച്ച് ആവശ്യമായ സഹായങ്ങളും സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും ഇന്റേണിന്റെ സേവനം പ്രയോജനപ്പെടുത്താം