വെള്ളനാട് പഞ്ചായത്തിലെ പൊതുശ്മശാനം പ്രവർത്തന സജ്ജമായി

post

അരുവിക്കര നിയോജകമണ്ഡലത്തിലെ ആദ്യത്തെ പൊതു ശ്മശാനം പ്രവർത്തന സജ്ജമായി. വെള്ളനാട് ഗ്രാമപഞ്ചായത്തിൽ നിർമ്മിച്ച പൊതുശ്മശാനം ജി. സ്റ്റീഫൻ എംഎൽഎ നാടിന് സമർപ്പിച്ചു. വീടുകളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന പ്രദേശങ്ങളിൽ ശവസംസ്കാര ചടങ്ങുകൾക്കുള്ള സ്ഥലസൗകര്യ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ പൊതുശ്മശാനങ്ങൾക്ക് കഴിയുമെന്ന് എംഎൽഎ പറഞ്ഞു. ശ്മശാനങ്ങളുടെ പ്രവർത്തനത്തെ കുറിച്ചുള്ള ജനങ്ങളുടെ തെറ്റിധാരണകൾ മാറണമെന്നും അദ്ദേഹം പറഞ്ഞു. 

'ഗംഗാമല പൊതുശ്മശാനം' എന്ന പേരിൽ നിർമ്മിച്ച പൊതുശ്മശാനം ചെറിയ ഉദ്യാന മാതൃകയിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. വെള്ളനാട് ഗ്രാമപഞ്ചായത്തിലെ മേലാംകോട് വാർഡിൽ ഗംഗാമല കോളനിയിലാണ് പൊതുശ്മശാനം നിർമ്മിച്ചത്. വൈദ്യുതിയും ഗ്യാസും ഉപയോഗിച്ചു പ്രവർത്തിക്കുന്ന രീതിയിലാണ് ശ്മശാനം സജ്ജമാക്കിയിട്ടുള്ളത്. ആര്യനാട്, വെള്ളനാട്, പൂവച്ചൽ, ഉഴമലയ്ക്കൽ എന്നീ നാല് പഞ്ചായത്തിലുള്ളവർക്ക് ശ്മശാനത്തിന്റെ പ്രവർത്തനം സഹായമാകും. ശവസംസ്കാര ചടങ്ങുകൾക്കായി ഏറെ ദൂരം സഞ്ചരിക്കേണ്ട അവസ്ഥയ്ക്കും ഇതോടെ മാറ്റമാകും

ശ്യാമപ്രസാദ് മുഖർജി നാഷണൽ റർബൻ മിഷൻ പദ്ധതിയിൽ 2017-18ൽ 66 ലക്ഷം രൂപ മുടക്കിയാണ് ശ്മശാനത്തിന്റെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചത്. 40 ലക്ഷം രൂപ ചെലവഴിച്ച് ശ്മശാനത്തിലേക്കുള്ള 800 മീറ്റർ റോഡും സഞ്ചാരയോഗ്യമാക്കി. റർബൻ മിഷൻ ഫണ്ടിന് പുറമെ പഞ്ചായത്ത് പ്ലാൻ ഫണ്ടും നിർമ്മാണത്തിനായി വിനിയോഗിച്ചു. സ്വകാര്യ വ്യക്തികൾ കൈവശപ്പെടുത്തിയിരുന്ന 50 സെന്റോളം വരുന്ന പുറമ്പോക്ക് ഭൂമി പഞ്ചായത്ത് ഏറ്റെടുത്താണ് ശ്മശാനം നിർമ്മിച്ചത്. ബിപിഎൽ വിഭാഗക്കാർക്ക് 2500 രൂപയും, എപിഎൽ വിഭാഗക്കാർക്ക് 3500 രൂപയുമാണ് നിരക്ക്. ശ്മശാനത്തിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ മൂന്ന് തൊഴിലാളികളെയും ദിവസവേതനാടിസ്ഥാനത്തിൽ നിയമിച്ചിട്ടുണ്ട്.