കുമരനെല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ ഒ.പി ബ്ലോക്ക്

post

കപ്പൂർ ഗ്രാമത്തിലെ കുമരനെല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് 1.43 കോടി എൻ.എച്ച്.എം (നാഷണൽ ഹെൽത്ത് മിഷൻ) ഫണ്ടിൽ പുതിയ ഒ.പി ബ്ലോക്ക് സജ്ജമാകുന്നതായി മെഡിക്കൽ ഓഫീസർ ഇൻ ചാർജ്ജ് അറിയിച്ചു. പ്രസ്തുത ബ്ലോക്കിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഒക്‌ടോബർ ഒന്നിന് തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ അധ്യക്ഷതയിൽ കുമരനെല്ലൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അവലോകനയോഗം ചേർന്നിരുന്നു.

യോഗത്തിൽ കെട്ടിടനിർമ്മാണത്തിന്റെ മേൽനോട്ടത്തിന് കപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ കൺവീനറായി എട്ട് അംഗ കമ്മിറ്റിയെ തെരഞ്ഞെടുക്കുകയുണ്ടായി. നിത്യേന ഏകദേശം ഇരുന്നൂറോളം പേരാണ് കുമരനെല്ലൂർ കുടുംബാരോഗ്യ കേന്ദ്രം ഒ.പി ആശ്രയിച്ചു പോരുന്നത്. ഒ.പി റൂമുകൾ, ഒബ്സർവേഷൻ റും, ഡ്രസിങ് റൂം, ഫാർമസി തുടങ്ങിയ സൗകര്യങ്ങളാണ് പുതിയ കെട്ടിടത്തിൽ ഒരുക്കാൻ ഉദ്ദേശിക്കുന്നതെന്നും അധികൃതർ അറിയിച്ചു.

മൂന്ന് ഡോക്ടർമാർ ഉൾപ്പെടെ 21 ജീവനക്കാരാണ് കേന്ദ്രത്തിൽ നിലവിൽ ഉള്ളത്. കപ്പൂർ ഗ്രാമപഞ്ചായത്ത് നിവാസികൾ കൂടുതലായും ആശ്രയിക്കുന്ന പ്രധാന കുടുംബാരോഗ്യ കേന്ദ്രമാണ് കുമരനെല്ലൂരിലേത്. തൃത്താലയിലെ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും സബ് സെന്ററുകളുടെയും വികസനത്തിനായി 4.59 കോടി രൂപയാണ് നിലവിൽ എൻ.എച്ച്.എം മുഖേന അനുവദിച്ചിട്ടുള്ളത്. ഇതിൽ 1.43 കോടി രൂപയാണ് കുമരനെല്ലൂർ കുടുംബാരോഗ്യ കേന്ദ്രം ഒ.പി കെട്ടിടം നിർമ്മാണത്തിന് വിനിയോഗിക്കുന്നത്.