വടകരപ്പതിയിൽ കാർഷിക ഡ്രോണുകളുടെ പ്രദർശനവും പ്രവർത്തിപരിചയവും നടന്നു

post

കാർഷിക വികസന കർഷക ക്ഷേമവകുപ്പ് നടപ്പാക്കുന്ന കാർഷിക യന്ത്രവത്ക്കരണ ഉപപദ്ധതിയുടെ ഭാഗമായി വടകരപ്പതി സെറാബിൻ പാടശേഖരത്തിൽ കാർഷിക ഡ്രോണുകളുടെ പ്രദർശനവും പ്രവർത്തിപരിചയവും നടന്നു. കാർഷികരംഗം കൂടുതൽ സ്മാർട്ട് ആക്കി മെച്ചപ്പെട്ട വിളവും അധിക വരുമാനവും കർഷകർക്ക് ഉറപ്പുവരുത്തുന്ന പദ്ധതിയാണ് കാർഷിക ഡ്രോൺ.

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ എസ്.എം.എ.എം പ്രകാരം 40 ലക്ഷം രൂപ വരെ വില വരുന്ന ഡ്രോണുകൾ വ്യക്തിഗത കർഷകർക്ക് നാലു മുതൽ അഞ്ച് ലക്ഷം രൂപ വരെ സബ്‌സിഡി ഇനത്തിൽ ലഭിക്കും. പദ്ധതിയുടെ സ്വീകാര്യതയ്ക്കായി ജില്ലകൾ തോറും 10 ഹെക്ടറിൽ കവിയാത്ത കൃഷിയിടങ്ങളിൽ കാർഷിക ഡ്രോണുകളുടെ പ്രദർശനവും പ്രവർത്തി പരിചയവും നടത്തുന്നുണ്ട്.

കാർഷിക യന്ത്രവത്ക്കരണത്തിൽ മുഖ്യപങ്ക് വഹിക്കുന്ന ഡ്രോണുകൾ കൃഷിയിടങ്ങളിലെ വിളകളുടെ വളർച്ച, വിള പരിപാലനം, വളപ്രയോഗം, കീടനാശിനി പ്രയോഗം എന്നീ മേഖലയിൽ ഫലപ്രദമായി പ്രവർത്തിക്കുന്നു. കുറഞ്ഞ സമയത്തിൽ ആവശ്യമായ അളവിൽ വിള സംരക്ഷണ ഉപാധികൾ കൃഷിയിടങ്ങളിലേക്ക് എത്തിക്കാൻ ഡ്രോണുകളുടെ ഉപയോഗത്തിലൂടെ സാധ്യമാകും.

കാലാവസ്ഥാ വ്യതിയാനം പ്രതിസന്ധിയാകുന്ന ഇന്നത്തെ കാലഘട്ടത്തിൽ വളരെ കുറഞ്ഞ അളവിൽ മാത്രം ഫലപ്രദമായ സാങ്കേതിക വിദ്യയിൽ സൂക്ഷ്മമൂലകങ്ങളും ജൈവകീടനാശിനികളും കൃഷിയിടത്തിൽ മുഴുവൻ തളിക്കാം എന്നതാണ് കാർഷികഡ്രോണുകളുടെ പ്രത്യേകത. കീടങ്ങളുടെ സർവ്വേ, കണ്ടെത്തൽ എന്നിവയ്ക്കും ഡ്രോണുകൾ സഹായകരമാണ്.