വനിതകൾക്കായി കോഴി വളർത്തൽ
വനിതകളെ സ്വയംപര്യാപ്തരാക്കുന്നതിന്റെ ഭാഗമായി പാട്യം ഗ്രാമപഞ്ചായത്തിൽ അടുക്കള മുറ്റത്തെ കോഴി വളർത്തൽ പദ്ധതിക്ക് തുടക്കമായി. 2022-23 ജനകീയാസൂത്രണ പദ്ധതിയിലെ വ്യക്തിഗത ഗുണഭോക്തൃ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ആദ്യഘട്ടമായി 500 മുട്ടക്കോഴികളെ വിതരണം ചെയ്തു.
പദ്ധതിക്കായി മൂന്ന് ലക്ഷം രൂപ പഞ്ചായത്ത് വകയിരുത്തിയിരുന്നു. വാർഷിക വരുമാനം അഞ്ച് ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങളിലെ വനിതകൾക്കാണ് അഞ്ച് വീതം കോഴിക്കുഞ്ഞുങ്ങളെ നൽകിയത്. നേരത്തെ പഞ്ചായത്തിലെ വിധവകൾക്ക് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തിരുന്നു.
ആവശ്യക്കാർ വർധിച്ചതോടെയാണ് അടുക്കള മുറ്റത്തെ കോഴി വളർത്തൽ പദ്ധതി ആരംഭിച്ചത്. എല്ലാ വിഭാഗം വനിതകളെയും ഇത്തവണ പദ്ധതിയുടെ ഭാഗമാക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡണ്ട് എൻ വി ഷിനിജ പറഞ്ഞു. ഭാവിയിൽ കൂടുതൽ കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യാൻ ലക്ഷ്യമിടുന്നുണ്ട്. കോഴിമുട്ടക്ക് പഞ്ചായത്ത് കുടുംബശ്രീ സ്റ്റോറുകൾ വഴി വിപണി ഒരുക്കും.