ഹോം നഴ്‌സിംഗ് പരിശീലനവുമായി പയ്യന്നൂർ ബ്ലോക്ക്
 
                                                രോഗീ പരിചരണ രംഗത്ത് പുത്തൻ കാൽവെപ്പുമായി പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത്. ജീവിതശൈലി രോഗങ്ങളും സാംക്രമിക രോഗങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ വനിതകൾക്ക് സൗജന്യ ഹോം നഴ്‌സിങ് പരിശീലനം നൽകാനാണ് ബ്ലോക്ക് പഞ്ചായത്ത് ഒരുങ്ങുന്നത്. പദ്ധതിക്കായി 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് ലക്ഷം രൂപ മാറ്റിവെച്ചിരുന്നു. ബ്ലോക്ക് പരിധിയിൽ നിന്നും തെരഞ്ഞെടുത്ത 20നും 50നും ഇടയിൽ പ്രായമുള്ള  വനിതകൾക്കാണ് മൂന്ന് മാസത്തെ പരിശീലനം നൽകുക.
അടിയന്തര ശുശ്രൂഷ, പ്രായമായവരുടെയും കിടപ്പുരോഗികളുടെയും കുട്ടികളുടെയും പരിചരണം തുടങ്ങിയവയിലാണ് പരിശീലനം. ഇതിനായി മാതമംഗലം മാത്തിലെ ബ്ലോക്ക് പഞ്ചായത്ത് പരിശീലന കേന്ദ്രം ഉപയോഗിക്കും. സാന്ത്വന കേന്ദ്രങ്ങളിൽ പ്രായോഗിക പരിശീലനവും ലഭ്യമാക്കും. ബ്ലോക്ക് പഞ്ചായത്തിന്റെയും തെരഞ്ഞെടുത്ത ആരോഗ്യ വിദഗ്ധരുടെയും നേതൃത്വത്തിൽ ഇതിനായി പ്രത്യേക സിലബസ് തയ്യാറാക്കുന്നുണ്ട്. ഇതിന് ശേഷമാണ് പരിശീലനം ആരംഭിക്കുക. പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.
ഹോം നേഴ്‌സിംഗ് മേഖലയിലെ സാധ്യതകൾ മുന്നിൽകണ്ടും ആരോഗ്യ മേഖലയിലെ പ്രവർത്തനം ശക്തമാക്കുന്നതിന്റെയും ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പരിശീലനം നേടിയവർക്ക് ഈ മേഖലയിൽ ജോലി ഉറപ്പാക്കാനാകുമെന്നും ഇതിലൂടെ യോഗ്യരായ ആളുകളെ രോഗി പരിചരണത്തിന് ലഭിക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വി വത്സല പറഞ്ഞു.










