സ്മാർട്ടായി കുമരനെല്ലൂർ ഡിവിഷനിലെ ശിശു വിദ്യാലയം

post

വർണാഭമായ ചുവരുകളിൽ വിജ്ഞാനം പകരുന്ന അക്ഷരങ്ങളും അക്കങ്ങളും..കൗതുകമുണർത്താൻ മൃഗങ്ങളുടെയും പക്ഷികളുടെയും വൃക്ഷങ്ങളുടെയും ചിത്രങ്ങൾ.. കളിച്ചുല്ലസിക്കാൻ ഒന്നാന്തരം പാർക്കും..കുമരനെല്ലൂർ 12-ാം ഡിവിഷനിലെ അമ്പലംകുന്ന് പ്രദേശത്തെ പട്ടികജാതി വികസന വകുപ്പിന് കീഴിലെ ശിശു വിദ്യാലയം അടിമുടി സ്മാർട്ട് ആണ്.

വടക്കാഞ്ചേരി നഗരസഭയുടെ 10 ലക്ഷം രൂപ പ്ലാൻ ഫണ്ട് ഉപയോഗിച്ചാണ് മാതൃകാപരമായ രീതിയിൽ ഈ വിദ്യാലയം പുനർ നിർമ്മിച്ചിരിക്കുന്നത്. ക്ലാസ്സ് മുറികളിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ, വർണാഭമായ കബോർഡുകൾ, നിലത്ത് വിരിക്കാൻ മാറ്റുകൾ, എസി, വാട്ടർ പ്യൂരിഫയർ, എൽഇഡി ടെലിവിഷൻ, ഭക്ഷണ മുറി, ഇൻഡോർ - ഔട്ട്‌ ഡോർ കളിസ്ഥലങ്ങൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

പ്ലാസ്റ്റിക് നാടിന് ആപത്ത്, പ്രകൃതിയെ സംരക്ഷിക്കുക മഹാത്മാ ഗാന്ധിയുടെ വചനങ്ങൾ എന്നിവ ചുവരിൽ ആലേഖനം ചെയ്തിട്ടുണ്ട്. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി കുട്ടികളുടെ ബുദ്ധി വികാസത്തിനു ഊന്നൽ നൽകുന്ന തരത്തിലുള്ള സ്മാർട്ട് വിദ്യാലയമായാണ് ഒരുക്കിയിട്ടുള്ളത്. 30 ഓളം കുട്ടികളാണ് നിലവിൽ ഇവിടെ പഠിക്കുന്നത്. രണ്ട് അധ്യാപകരുമുണ്ട്.

ഒക്ടോബർ 6ന് വൈകിട്ട് 3ന് നടക്കുന്ന ചടങ്ങിൽ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നവീകരിച്ച സ്മാർട്ട് വിദ്യാലയം നാടിന് സമർപ്പിക്കും.