വയോജനങ്ങളെ ചേർത്ത് നിർത്തി എറിയാട്

post

സംസ്ഥാനത്തെ 10 വയോമൈത്രി സിഡിഎസിൽ ഒന്ന്

സംസ്ഥാനത്തെ പത്ത് വയോമൈത്രി സിഡിഎസിൽ ഒന്നായി എറിയാട്. വയോജനങ്ങൾ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡർ തുടങ്ങി പ്രത്യേക പരിഗണന അർഹിക്കുന്നവർക്ക് കുടുംബശ്രീ നടത്തുന്ന റിലേഷൻഷിപ്പ് കേരളയുടെ ഭാഗമായാണ് വയോമൈത്രി നടപ്പാക്കുന്നത്. 2022-23 സാമ്പത്തിക വർഷത്തിൽ പ്രത്യേക അയൽക്കൂട്ടങ്ങൾക്ക് വേണ്ടി കുടുംബശ്രീ നടപ്പിലാക്കുന്ന പ്രവർത്തനമാണ് വയോമൈത്രി സിഡിഎസ്.

സംസ്ഥാനത്ത് തെരഞ്ഞെടുത്ത 10 സിസിഎസുകളെയാണ് വയോസൗഹൃദ സിഡിഎസുകളാക്കി മാറ്റുന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ വയോജന അയൽക്കൂട്ടങ്ങളുള്ള പഞ്ചായത്താണ് എറിയാട്. വയോജനങ്ങളുടെ സംരക്ഷണത്തിനായി നിരവധി പദ്ധതികളാണ് പഞ്ചായത്ത് നടപ്പിലാക്കുന്നത്. വാർഡ് തല സംഗമം നടത്തി വയോജനങ്ങളുടെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് വിവിധ വകുപ്പുകളുടെ സഹായത്തോടെ സേവനം ഉറപ്പാക്കുന്നു.

എറിയാട് ഗ്രാമപഞ്ചായത്തിലെ 50 വയോജന അയൽക്കൂട്ടങ്ങൾക്ക് ഉപജീവനത്തിനായി സ്വയംതൊഴിൽ സംരംഭം ആരംഭിക്കുന്നതിന് 25000 രൂപ ധനസഹായം കുടുംബശ്രീ ജില്ലാ മിഷൻ നൽകും. പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിൻ്റെ സഹായത്തോടെ എറിയാടിൽ വാർഡ് തലങ്ങളിൽ വയോജന സൗഹൃദ ഇടം ഒരുങ്ങുന്നുണ്ട്.

പെൻഷൻ സ്കീം, ഹെൽത്ത് ഇൻഷുറൻസ് സ്കീം, തിരിച്ചറിയൽ കാർഡുകൾ ലഭ്യമാക്കുക തുടങ്ങിയവ ഇതിൻ്റെ ഭാഗമായി നടപ്പിലാക്കും. ആരോഗ്യ ക്യാമ്പുകളും കൗൺസിലിംഗ് ആവശ്യമുള്ളവർക്ക് കൺസലിംഗ് ക്യാമ്പുകളും സംഘടിപ്പിക്കും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ എറിയാട് വയോജന സൗഹൃദ സിഡിഎസ് ആക്കി മാറ്റാണ് ഉദ്ദേശിക്കുന്നത്.