വിശപ്പുരഹിത കേരളം ലക്ഷ്യം : മന്ത്രി പി തിലോത്തമന്‍

post

ജില്ലയിലെ ആദ്യ വിശപ്പുരഹിത കാന്റീന്‍ കുന്നംകുളത്ത് തുടങ്ങി

തൃശൂര്‍ : ജനപങ്കാളിത്തം ഉറപ്പാക്കി സംസ്ഥാനത്ത് വിശപ്പുരഹിത കേരളം പദ്ധതി വിജയകരമായി നടപ്പാക്കുമെന്ന് ഭക്ഷ്യപൊതുവിതരണ മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. കുന്നംകുളം നഗരസഭയില്‍ ജില്ലയിലെ ആദ്യത്തെ വിശപ്പുരഹിത കാന്റീന്‍ സംരംഭം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കുറഞ്ഞ നിരക്കില്‍ ഭക്ഷണം നല്‍കുന്ന സുഭിക്ഷ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം നല്‍കുകയാണ് ചെയ്യുക. ഇതിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് നാട്ടിലെ സേവന സന്നദ്ധരെയും സ്‌പോണ്‍സര്‍മാരെയും സഹായം നല്‍കാന്‍ താത്പര്യമുള്ളവരെയും ഉള്‍ക്കൊള്ളിക്കും. തുടര്‍ന്ന് നല്ല നിലവാരമുള്ള ഭക്ഷണം ഏവര്‍ക്കും എത്തിക്കും. നാട്ടില്‍ ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാതെ കഴിയുന്ന ഒട്ടേറെ പേരുണ്ട്. അതത് പ്രദേശങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകരിലൂടെ അവര്‍ക്കുള്ള ഭക്ഷണം എത്തിക്കും. ഏവര്‍ക്കും ഭക്ഷ്യ ലഭ്യത ഉറപ്പുവരുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ അടുത്ത ഓണത്തിന് മുന്‍പായി തുടങ്ങുന്ന 1000 വിശപ്പുരഹിത ഹോട്ടലുകളിലേക്ക് സബ്‌സിഡി നിരക്കില്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ സാധനങ്ങള്‍ നല്‍കും. അരി കിലോയ്ക്ക് 6.90 പൈസ നിരക്കില്‍ ഇത്തരം ഹോട്ടലുകളിലേക്ക് എത്തിക്കും. സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം അര്‍ഹരായവരെ കണ്ടെത്തി അവര്‍ക്കുള്ള റേഷന്‍ നല്‍കുന്നുണ്ട്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ പൊതുവിതരണ സമ്പ്രദായത്തിലൂടെ ജനങ്ങളുടെ ഭക്ഷ്യാവശ്യങ്ങള്‍ ഒരു പരിധിവരെ നിര്‍വഹിച്ചു നല്‍കാന്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ എസ് ഷാനവാസ് ആദ്യ കൂപ്പണ്‍ വിതരണവും സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കലും നിര്‍വഹിച്ചു. ഡെപ്യൂട്ടി റേഷനിങ് കണ്‍ട്രോളര്‍ വി വി സുനില പദ്ധതി വിശദീകരിച്ചു.
നഗരസഭ വൈസ് ചെയര്‍മാന്‍ പി എം സുരേഷ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഗീതാ ശശി, കെ കെ മുരളി, സുമഗംഗാധരന്‍, കെ കെ ആനന്ദന്‍, മിഷ സെബാസ്റ്റ്യന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ വി ജ്യോതിഷ്‌കുമാര്‍, കൗണ്‍സിലര്‍മാരായ കെ എ അസീസ്, ബിജു സി ബേബി, ജയ്‌സിങ് കൃഷ്ണന്‍, മുന്‍ നഗരസഭ ചെയര്‍മാന്മാര്‍, വിവിധ രാഷട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നഗരസഭ ചെയര്‍പേഴ്‌സന്‍ സീതാ രവീന്ദ്രന്‍ സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസര്‍ ടി അയ്യപ്പദാസ് നന്ദിയും പറഞ്ഞു.