മുടക്കുഴ പി.എച്ച്.സി കുടുംബാരോഗ്യ കേന്ദ്രമാകുന്നു

മുടക്കുഴ പ്രാഥമികാരോഗ്യ കേന്ദ്രം (പി.എച്ച്. സി) കുടുംബരോഗ്യ കേന്ദ്രമായി (എഫ്.എച്ച്. സി) ഉയർത്തുന്നു. സെപ്തംബർ 30 വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 2.30 ന് ആരോഗ്യ മന്ത്രി വീണാ ജോർജ് ഓൺലൈനായി മുടക്കുഴ കുടുംബാരോഗ്യ കേന്ദ്രം നാടിന് സമർപ്പിക്കും.
ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 14 ലക്ഷം രൂപ വിനിയോഗിച്ചാണ് ആശുപത്രിയിലെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. ലബോറട്ടറി, പ്രതിരോധ കുത്തിവയ്പ് കേന്ദ്രം, ഓഫീസ് മുറി തുടങ്ങിയ സൗകര്യങ്ങളാണ് നവീകരണത്തിന്റെ ഭാഗമായി കൂട്ടിച്ചേർത്തത്. ഒന്നര വർഷം മുൻപ് എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 90 ലക്ഷം രൂപ ചെലവഴിച്ച് ആശുപത്രിയിൽ പുതിയ ഒ.പി കെട്ടിട സമുച്ചയം നിർമ്മിച്ചിരുന്നു.
കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതോടെ ആശുപത്രിയിലെ ഒ.പി സേവനം രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ ഉണ്ടാകും. ഒപ്പം അധികമായി ഒരു ഡോക്ടർ, നേഴ്സ്, അറ്റൻഡർ എന്നിവരുടെ അധിക സേവനവും ലഭിക്കും. ജീവിതശൈലി രോഗനിര്‍ണയ, നിയന്ത്രണ ക്ലിനിക്കുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഇവിടെ ലഭിക്കും.