ആറ്റിപ്രയിലും ആനാടും സ്മാര്‍ട് വില്ലേജ് ഓഫീസുകള്‍

കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ ആറ്റിപ്രയിലും വാമനപുരം നിയോജക മണ്ഡലത്തിലെ ആനാടും പുതിയ സ്മാര്‍ട് വില്ലേജ് ഓഫീസുകള്‍ ഉദ്ഘാടനം ചെയ്യ്തു. റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യ്തു. ഡിജിറ്റല്‍ റീ സര്‍വ്വേ പ്രവര്‍ത്തനങ്ങളുടെ വേഗത നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ
വര്‍ദ്ധിപ്പിക്കും .ആദിവാസി മേഖലകളിലും മലയോര പ്രദേശങ്ങളിലും പട്ടയങ്ങള്‍ വിതരണം ചെയ്യുന്നതിനായി പ്രത്യേക മിഷന്‍ നടപ്പിലാക്കുമെന്നും നിലവിലെ ലാന്റ് ട്രൈബ്യൂണലിന് പുറമെയാണ് ഇവ പ്രവര്‍ത്തിക്കുകയെന്നും മന്ത്രി പറഞ്ഞു. നൂറ്റാണ്ടുകള്‍ പഴക്കമുണ്ടായിരുന്ന ആറ്റിപ്ര വില്ലേജ് ഓഫീസ് കിഫ്ബി ഫണ്ടില്‍ നിന്നും 44 ലക്ഷം രൂപ വിനിയോഗിച്ച് പുനര്‍ നിര്‍മ്മിക്കുകയായിരുന്നു. സര്‍ക്കാരിന്റെ റീ ബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി 45 ലക്ഷം രൂപ ചെലവഴിച്ചാണ് ആനാട് വില്ലേജ് ഓഫീസ് നവീകരിച്ചത്. ആനാട് ഗ്രാമപഞ്ചായത്തില്‍ ടേക്ക് എ ബ്രേക്ക് ആരംഭിക്കുന്നതിനായി ജില്ലാ ഭരണകൂടം വിട്ടു നല്‍കിയ അഞ്ച് സെന്റ് ഭൂമി മന്ത്രി പഞ്ചായത്തിന് കൈമാറി. ഉദ്ഘാടനത്തിന്റെ ഭാഗമായി വില്ലേജ് ഓഫീസ് അങ്കണത്തില്‍ ഔഷധ സസ്യങ്ങള്‍ നട്ടു.
ആറ്റിപ്രയില്‍ കടകംപള്ളി സുരേന്ദ്രനും ആനാട് ഡികെ മുരളിയും ഉദ്ഘാടന ചടങ്ങുകള്‍ക്ക് അധ്യക്ഷത വഹിച്ചു. ആനാട് വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ അടൂര്‍ പ്രകാശ് എം.പി, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജ്, എ.ഡി.എം അനില്‍ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു. ആറ്റിപ്ര വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടന്ന പരിപാടിയില്‍ വാര്‍ഡ് കൗണ്‍സിലര്‍മാരായ ശ്രീദേവി എ, നാജ ബി, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ജെ.അനില്‍ ജോസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, നാട്ടുകാര്‍ തുടങ്ങിയവരും പങ്കെടുത്തു.