സഫലം 2020: അടിയന്തര പരിഹാരമായി ജില്ലാകളക്ടറുടെ അദാലത്ത്; ഇടുക്കി താലൂക്കില്‍ 113 പരാതികള്‍ പരിഹരിച്ചു

ഇടുക്കി : ജില്ലാ കളക്ടറുടെ പരാതി പരിഹാര ഇടുക്കി താലൂക്ക് തല അദാലത്ത് 'സഫലം 2020' ചെറുതോണി പഞ്ചായത്ത് ടൗണ്‍ഹാളില്‍ നടത്തിയത് നൂറുകണക്കിന് അപേക്ഷകര്‍ക്ക് ആശ്വാസമായി. ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ അടക്കം നിരവധി പ്രശ്‌നങ്ങള്‍, മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവക്ക് സഫലം അദാലത്തുകളിലൂടെ പരിഹാരം കാണുകയാണ് ലക്ഷ്യമെന്ന് അദാലത്ത് ഉദ്ഘാടനം ചെയ്ത് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിച്ചാണ് മുന്നോട്ട് പോകുന്നത്, കഞ്ഞിക്കുഴി, വാഴത്തോപ്പ്, ഇടുക്കി തുടങ്ങിയ പ്രദേശങ്ങളിലെ ഭൂപ്രശ്‌നങ്ങള്‍ ഘട്ടംഘട്ടമായി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശപ്രകാരം എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ചകളില്‍ ഓരോ താലൂക്കില്‍ വീതം അദാലത്ത് സംഘടിപ്പിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. ഇടുക്കി താലൂക്ക്തല അദാലത്തില്‍ 113 പരാതികളാണ് ഓണ്‍ലൈനായി ലഭിച്ചത്. ഓണ്‍ലൈനായി ലഭിച്ച മുഴുവന്‍ പരാതികളും തീര്‍പ്പാക്കി. അദാലത്തില്‍ പ്രത്യേക കൗണ്ടര്‍ വഴി നേരിട്ടും പരാതികള്‍ സ്വീകരിച്ചു. നേരിട്ട് ലഭിച്ച 80 പരാതികളും കളക്ടര്‍ പരിശോധിച്ച് അടിയന്തരമായി തീര്‍പ്പുകല്‍പ്പിക്കാവുന്ന പരാതികളില്‍ നടപടിക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. മറ്റു പരാതികള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തുടര്‍നടപടി സ്വീകരിക്കാനും അതാത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അദാലത്തില്‍ നേരിട്ട് ലഭിച്ച 80പരാതികളും അക്ഷയ കൗണ്ടര്‍ വഴി ഓണ്‍ലൈനായും രജിസ്റ്റര്‍ ചെയ്തു. പരാതിക്കാരുടെയും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് കളക്ടറുടെ നേതൃത്വത്തില്‍ പരാതികള്‍ പരിശോധിച്ചത്.
റവന്യുവകുപ്പുമായി ബന്ധപ്പെട്ട് 78 പരാതികളും പഞ്ചായത്ത് 16, കെഎസ്ഇബി 3, ലീഡ് ബാങ്ക്്4, സാമൂഹ്യനീതി വകുപ്പ്, തൊഴില്‍ വകുപ്പുമായി ബന്ധപ്പെട്ട് രണ്ട് പരാതികളും, വാട്ടര്‍ അതോരിറ്റി, പട്ടികജാതി വികസന വകുപ്പ്, കൃഷി വകുപ്പ്, ലൈഫ് മിഷന്‍, നഗരസഭ, ഫിഷറീസ്, തദ്ദേശ സ്വയംഭരണ വകുപ്പ്, പോലീസ് എന്നീ ഡിപ്പാര്‍ട്ട്‌മെന്റുകളുമായി ബന്ധപ്പെട്ട് ഒരോ പരാതികള്‍ വീതവുമാണ് അദാലത്തില്‍ ലഭിച്ചത്. വസ്തു അതിര്‍ത്തി തര്‍ക്കം, പട്ടയപ്രശ്‌നം, സര്‍വ്വേറീസര്‍വ്വേ നടപടികളിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലാണ് കൂടുതലായും പരാതികള്‍ ലഭിച്ചത്. ആര്‍.ഡി.ഒ അതുല്‍ സ്വാമിനാഥ്, ഡെപ്യൂട്ടി കളക്ടര്‍(എല്‍.എ) സാബു കെ. ഐസക്ക്, ഡെപ്യുട്ടി കളക്ടര്‍(ആര്‍.ആര്‍) അലക്‌സ് ജോസഫ്, സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ എ.എ രാജന്‍, ഇടുക്കി തഹസില്‍ദാര്‍ വിന്‍സന്റ് ജോസഫ്, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കി.