സ്വപ്നക്കൂടായി പാപ്പിനിശേരി ബഡ്‌സ് സ്‌കൂള്‍

post

കണ്ണൂര്‍: മിന്‍ഹ ഫാത്തിമയ്ക്ക് ഒരു വാക്ക് പോലും തന്റെ പ്രിയപ്പെട്ടവരോട്  ഉരിയാടാന്‍  സാധിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് അവള്‍ക്ക് സംസാരിക്കാനാവും. മറ്റ് കുട്ടികളെപ്പോലെ അവള്‍ ശബ്ദങ്ങളുടെ ലോകത്ത് സജീവമാണ്. ഇടത് കൈ വിരലുകള്‍ ചലിപ്പിക്കാനുള്ള ശേഷി ഇല്ലാത്തതായിരുന്നു സാബിത്തിന്റെ പ്രശ്‌നം. എന്നാല്‍ 25 ദിവസം തുടര്‍ച്ചയായി വ്യായാമം ലഭിച്ചതോടെ അവന്റെ കൈവിരലുകള്‍ ചലനശേഷി വീണ്ടെടുത്തു തുടങ്ങി. പരസഹായമില്ലാതെ തന്നെ സ്വന്തം കാര്യങ്ങള്‍ ചെയ്യാനാകുമെന്ന സന്തോഷത്തിലാണ് ഇപ്പോള്‍ സാബിത്ത്.  പെരുമാറ്റ വൈകല്യവുമായി വന്ന സനൂബയും ഇന്ന് മിടുക്കിയായിരിക്കുന്നു. പാപ്പിനിശേരി പഞ്ചായത്തിലെ വേളാപുരത്ത് സ്ഥിതി ചെയ്യുന്ന ബഡ്‌സ് സ്‌കൂളിന് പറയാന്‍ കഥകള്‍ നിരവധി ഉണ്ട്.

അക്ഷരങ്ങള്‍ മാത്രമല്ല ഇവര്‍ക്ക് കൂട്ട്, കളിചിരികളും പാട്ടും നിറയുന്ന ക്ലാസ് മുറികള്‍. വീടിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ ജീവിതം തള്ളി നീക്കിയിരുന്ന പല വിദ്യാര്‍ഥികള്‍ക്കും പാപ്പിനിശ്ശേരി ബഡ്‌സ് സ്‌കൂളില്‍ എത്തിയതോടെ ഓരോ ദിനവും പുതുതാണ്. അവരും ഇപ്പോള്‍ സ്വപ്‌നം കാണാന്‍ പഠിച്ചിരിക്കുന്നു.

ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും വിദ്യാഭ്യാസം നല്‍കുന്നതിനുമുള്ള മികച്ച അന്തരീക്ഷമാണ് സ്‌കൂള്‍ അധികൃതര്‍ ഒരുക്കിയിട്ടുള്ളത്. പാപ്പിനിശ്ശേരി  ബഡ്‌സ് സ്‌കൂളിനെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയിട്ടുള്ള ആധുനിക സൗകര്യങ്ങളാണ്. ഇവിടെയുള്ള 27 കുട്ടികള്‍ക്കും ഈ സ്‌കൂള്‍ സ്വന്തം വീടുപോലെതന്നെ. പ്രീ- പ്രൈമറി, പ്രൈമറി, എന്നിങ്ങനെ വിവിധ ക്ലാസ്സുകളായി തിരിച്ചാണ് കുട്ടികളെ പഠിപ്പിക്കുന്നത്. സെറിബ്രല്‍ പാര്‍സി ബാധിച്ചവരാണ് ഏറെയും. ഡൗണ്‍ സിന്‍ഡ്രോം, മള്‍ട്ടി ഡിസബിലിറ്റി സിന്‍ഡ്രോം തുടങ്ങിയ വൈകല്യങ്ങള്‍ ബാധിച്ചവരും ഉണ്ട്. സ്വന്തമായി കൈകാലുകള്‍ ചലിപ്പിക്കാന്‍ കഴിയാത്തതും ശരിയായി സംസാരിക്കാന്‍ പറ്റാത്തതും എന്തെങ്കിലും കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റാത്തതുമാണ് ഇത്തരം കുട്ടികളുടെ പ്രധാന പ്രശ്‌നം. അതിനാല്‍ ആ രീതിയിലുള്ള പരിശീലനമാണ് മുഖ്യമായും നല്‍കുന്നത്. രണ്ട് വര്‍ഷം മുമ്പ് ആരംഭിച്ച സ്‌കൂളില്‍ മറ്റ് പഞ്ചായത്തില്‍ നിന്നുള്ള കുട്ടികളും എത്തുന്നുണ്ട്.

പല കുട്ടികള്‍ക്കുമുള്ള വൈകല്യങ്ങള്‍ വ്യത്യസ്ത രീതിയിലാണ്. അതിനാല്‍ ഓരോ കുട്ടിയെയും പ്രത്യേകം നിരീക്ഷിച്ചാണ് പഠന രീതി. അതിന് വേണ്ട പരിശീലനം അധ്യാപകര്‍ക്ക് നല്‍കിയിട്ടുണ്ട്. സ്‌കൂളില്‍ തന്നെ ഭക്ഷണം പാകം ചെയ്ത് കുട്ടികള്‍ക്ക് നല്‍കും. രാവിലെ പത്തുമുതല്‍ വൈകിട്ടു മൂന്നു വരെയാണ് പ്രവര്‍ത്തന സമയം.

കുട്ടികളുടെ വൈകല്യം കുറയ്ക്കാന്‍ സഹായിക്കുന്ന എല്ലാ ആധുനിക സൗകര്യങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. റൂമുകളിലൂടെ യഥേഷ്ടം സഞ്ചരിക്കാന്‍ വീല്‍ചെയറുകളും ഉണ്ട്.  ഇന്‍ഫ്രാക്ടബിള്‍ സീറ്റ്, സ്റ്റാറ്റിക് സൈക്കിള്‍, ട്രെഡ്മില്‍ മോട്ടോറൈസ്ഡ്, ഹിപ്പോ തെറാപ്പി, ടില്‍റ്റ് ടേബിള്‍ എന്നീ ഉപകരണങ്ങളുടെ സഹായത്തോടെയാണ്  കുട്ടികളുടെ ശാരീരിക ക്ഷമത വര്‍ധിപ്പിക്കുന്നതിനായുള്ള വ്യായാമങ്ങള്‍ ചെയ്യുന്നത്. ചലനശേഷി ഇല്ലാത്ത കുട്ടികള്‍ പോലും ഇത്തരം ഉപകരണങ്ങളുടെ സഹായത്തോടെ അവരുടെ ദൈനംദിന ആവശ്യങ്ങള്‍ സ്വന്തമായി നിറവേറ്റാന്‍ കഴിയുന്ന രീതിയിലേക്ക് മാറിയിട്ടുണ്ടെന്ന് അധ്യാപിക സുനിത പറയുന്നു. കളികളിലൂടെ അവരുടെ ശേഷി വര്‍ധിപ്പിക്കാന്‍ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ടണല്‍ ടെന്റ്, ബാലന്‍സ് ബോര്‍ഡ്, സെന്‍സറി ബോള്‍, ബാലന്‍സിങ് ബീം, തെറാപ്പി ബോള്‍ തുടങ്ങി കളിക്കാനുള്ള ഉപകരണങ്ങള്‍ കുട്ടികളുടെ കണ്ണിന്റെയും കൈകളുടെയും ഏകീകരണം, ശ്രദ്ധ കേന്ദ്രീകരികരണം, സന്തുലനം എന്നിവയ്ക്ക് സഹായകമാണ്. ഇതിന് പുറമെ വ്യായാമം ചെയ്യുന്നതിനും പ്രത്യേക മുറികളുണ്ട്. സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള കുട്ടികള്‍ക്കും, ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ക്കും, ഇന്ദ്രിയ ക്ഷമതയില്ലാത്തവര്‍ക്കും ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ  വെവ്വേറെ തെറാപ്പി മുറികളും ഉണ്ട്.

ഭിന്നശേഷി വിഭാഗക്കാരുടെ ഉന്നമനം ലക്ഷ്യമിട്ടാണ് പാപ്പിനിശ്ശേരി പഞ്ചായത്ത് ഇത്തരമൊരു പദ്ധതിയ്ക്ക് രൂപം നല്‍കിയത്. 1 കോടി 50 ലക്ഷം രൂപയാണ് സ്‌കൂളിനായി ചെലവഴിച്ചിരിക്കുന്നത്. കൂടാതെ ജില്ലാ പഞ്ചായത്തും കുടുംബശ്രീ മിഷനും സ്‌കൂളിന്റെ വികസനത്തില്‍ പങ്കാളികളാണ്. മാസത്തില്‍ 8 തവണ ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഡോക്ടര്‍മാര്‍ എന്നിവരുടെ സേവനം സ്‌കൂള്‍ ഉറപ്പാക്കുന്നുണ്ട്. എല്ലാ മാസവും രക്ഷാകര്‍ത്തൃ യോഗം നടത്തി സ്‌കൂളിന്റെ പ്രവര്‍ത്തനവും കുട്ടികളുടെ പുരോഗതിയും വിലയിരുത്തുകയും ചെയ്യുന്നു. കൂടാതെ കുട്ടികളുടെ കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ബാലസഭയും സംഘടിപ്പിക്കാറുണ്ട്.