ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വില്പന നിരോധിച്ചു

post

കൊല്ലം : പരിശുദ്ധി പരിശുദ്ധമായ വെളിച്ചെണ്ണ, പൗര്‍ണമി ചക്കിലാട്ടിയ വെളിച്ചെണ്ണ, കുടുംബശ്രീ കോക്കനട്ട് ഓയില്‍, എ1 നന്‍മ പരിശുദ്ധമായ വെളിച്ചെണ്ണ, മഹിമ പരിശുദ്ധമായ വെളിച്ചെണ്ണ, തനിമ ഗോള്‍ഡ് പരിശുദ്ധമായ വെളിച്ചെണ്ണ, കൈരളി പരിശുദ്ധമായ വെളിച്ചെണ്ണ, എ1 തനിമ പരിശുദ്ധമായ വെളിച്ചെണ്ണ, തനിമ പരിശുദ്ധമായ വെളിച്ചെണ്ണ എന്നിവയുടെ വില്പന ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ജില്ലയില്‍ നിരോധിച്ചു.

ഉമയനല്ലൂര്‍ പാര്‍ക്ക് മുക്കില്‍ അനധികൃതമായി വിവിധ പേരുകളില്‍ വെളിച്ചെണ്ണ റീപായ്ക്ക് ചെയ്ത് വില്പന നടത്തിവന്ന എസ് എ എസ് ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിന്  റീ പാക്കിംഗ് ലൈസന്‍സില്ലായെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നിരോധനം. വെളിച്ചെണ്ണ, പാംഓയില്‍ എന്നിവ കൂട്ടികലര്‍ത്തി ശുദ്ധമായ വെളിച്ചെണ്ണ, ചക്കിലാട്ടിയ വെളിച്ചെണ്ണ എന്നിങ്ങനെ 11 ഓളം ബ്രാന്റുകളിലും 15 ലിറ്റര്‍ കന്നാസുകളിലും ലൂസായും വില്പ്പന നടത്തിയവയുടെ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇവയെല്ലാം ഗുണനിലവാരമില്ലാത്തതാണെന്ന് ഗവണ്‍മെന്റ് അനലിസ്റ്റ് ലബോറട്ടറിയിലെ പരിശോധനയില്‍ വ്യക്തമായിരുന്നു.