ദാരിദ്ര്യനിര്‍മാര്‍ജനത്തിനായി കുടുംബശ്രീയുടെ ഊരുതല കര്‍മപദ്ധതി

post


പട്ടികവര്‍ഗ്ഗ മേഖലയില്‍ സുസ്ഥിര വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി തദ്ദേശജനതയുടെ ഉന്നമനത്തിനായി ഊരുതല കര്‍മപദ്ധതിയുമായി കുടുംബശ്രീ ജില്ലാ മിഷന്‍. തദ്ദേശ ജനവിഭാഗ ഊരുകള്‍ ഉള്ള ഗ്രാമപഞ്ചായത്തുകളിലാണ് കര്‍മപദ്ധതി രൂപീകരിച്ച് അവരുടെ സമഗ്രവികസനത്തിനായുള്ള പദ്ധതിക്ക് രൂപം കൊടുക്കുന്നത്. 2022 - 2025 വര്‍ഷത്തില്‍ ത്രിതല പഞ്ചായത്തുകളിലൂടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന സമഗ്ര പദ്ധതിയാണ് ഊരുതല കര്‍മപദ്ധതി.

വികസനപ്രക്രിയയില്‍ ഒരാളും ഒഴിവാക്കപ്പെടരുത് എന്ന ലക്ഷ്യം മുന്നോട്ടുവയ്ക്കുന്ന പതിനാലാം പഞ്ചവത്സരപദ്ധതിയുടെ ലക്ഷ്യത്തിന്റെ ചുവടുപിടിച്ചാണ് ഊരുതല കര്‍മപദ്ധതിയുടെ പ്രവര്‍ത്തനം. തദ്ദേശ ജനവിഭാഗ ഊരുകള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും എത്തിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. തദ്ദേശജനതയുടെ അടിസ്ഥാന ആവശ്യങ്ങള്‍ കുടുംബശ്രീ മുഖാന്തരം ഊരുകളില്‍ ചര്‍ച്ച ചെയ്താണ് കര്‍മപദ്ധതി തയ്യാറാക്കുന്നത്.

ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം, അടിസ്ഥാനസൗകര്യവികസനം, ജീവനോപാതികള്‍ കണ്ടെത്താനുള്ള പദ്ധതികള്‍, കലാ-കായികം, സാംസ്‌കാരികം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്താണ് കര്‍മപദ്ധതി തയ്യാറാക്കുന്നത്. ഇവ ഗ്രാമപഞ്ചായത്തുകളുടെ പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കും. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ ശ്രദ്ധയും സഹകരണവും പദ്ധതി നടത്തിപ്പില്‍ ഉറപ്പാക്കും. മറ്റു ജില്ലകളില്‍ നിന്ന് വിഭിന്നമായി ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കാനാണ് കാസര്‍കോട് കുടുംബശ്രീ ജില്ലാ മിഷന്‍ ലക്ഷ്യമിടുന്നത്.

കര്‍മപദ്ധതി തയ്യാറാക്കി നല്‍കുന്നതിനൊപ്പം മാത്രമല്ല അവയുടെ പുരോഗതി വിലയിരുത്തുന്നതിനു ഉറപ്പാക്കുന്നതിനുമായി തുടര്‍പഠനവും കുടുംബശ്രീ നടത്തും. വിവിധ വിഷയങ്ങളില്‍ ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളുടെ ശ്രദ്ധ ക്ഷണിക്കുന്നതിനായി സെമിനാറുകളും സംഘടിപ്പിക്കും. പദ്ധതിയുടെ പനത്തടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് തല കര്‍മ്മ പദ്ധതി രേഖയുടെ പ്രകാശനവും, സെമിനാറും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു.