ലൈഫ് മിഷനില്‍ തളിരിട്ട ജീവിതങ്ങള്‍

post

തിരുവനന്തപുരം: ഭവനരഹിതര്‍ക്ക് വീട് വച്ച് നല്‍കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍ രണ്ട് ലക്ഷം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നു. 29ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ഇതിന്റെ പ്രഖ്യാപനം നടത്തും. ലൈഫിലൂടെ തിരുവനന്തപുരം ജില്ലയില്‍ 30,000 ത്തോളം വീടുകള്‍ പൂര്‍ത്തിയാക്കാനായി. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും മികച്ച ജനകീയ പദ്ധതികളിലൊന്നാണ് സഫലമാകുന്നത്്. ഈ അവസരത്തില്‍ പദ്ധതിയുടെ ഗുണം ലഭിച്ച ചിലരെ പരിചയപ്പെടാം. 

വൃദ്ധസദനത്തില്‍ നിന്നും തങ്കമ്മ സ്വന്തം വീട്ടിലേക്ക്

വര്‍ഷങ്ങളായി വൃദ്ധസദനത്തില്‍ കഴിഞ്ഞിരുന്ന വാമനപുരം പഞ്ചായത്തിലെ തങ്കമ്മയ്ക്ക് ഇനി സ്വന്തം വീട്ടില്‍ താമസിക്കാം. സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന്റെ ഭാഗമായി സ്വന്തമായി വീട് ലഭിച്ചതിന്റെ സന്തോഷത്തിലാണ് തങ്കമ്മയും മകന്‍ മുരുകനും. സ്വന്തമായൊരു കിടപ്പാടമില്ലാത്തതിനാല്‍ മകനൊപ്പം താമസിക്കാന്‍ കഴിയാതെ വര്‍ഷങ്ങളായി വയോജനമന്ദിരത്തില്‍ താമസിച്ചിരുന്ന തങ്കമ്മയ്ക്ക് പ്രതീക്ഷയുടെ പുതുവെളിച്ചം പകര്‍ന്നത് സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയാണ്. ലൈഫിലൂടെ വീട് നിര്‍മ്മിക്കാനുള്ള അപേക്ഷ പഞ്ചായത്തില്‍ സമര്‍പ്പിക്കുകയും തല്‍ഫലമായി പഞ്ചായത്തില്‍ നിന്ന് നാല് ലക്ഷം രൂപ അനുവദിച്ച് കിട്ടുകയും ചെയ്തു. ഈ തുകയുപയോഗിച്ച് നിര്‍മിച്ച സുരക്ഷിതഭവനത്തില്‍ മകനോടൊപ്പം ആശ്വാസത്തോടെയും സന്തോഷത്തോടെയും കഴിയുകയാണ് തങ്കമ്മ.

ഇനി ജോണിനും കുടുംബത്തിനും സമാധാനത്തോടെ അന്തിയുറങ്ങാം

കേരളക്കരയെ ഏറെ നാള്‍ ആശങ്കയിലാക്കിയ ചെങ്ങറ ഭൂസമരത്തില്‍ വീട് നഷ്ടപ്പെട്ടവരില്‍ ഒരാളാണ് ജോണ്‍. കഷ്ടപ്പാടുകള്‍ക്കും  ദുരിതങ്ങള്‍ക്കും ഇടയില്‍ ഭൂതകാലത്തിന്റെ ഓര്‍മ്മകള്‍ കണ്ണീരോടെ അല്ലാതെ ഓര്‍ത്തെടുക്കാന്‍ അവര്‍ക്ക് ഇന്നും സാധിക്കില്ല. വര്‍ഷങ്ങളായി തലചായ്ക്കാന്‍ ഒരിടമില്ലാതെ ജോണും കുടുംബവും നേരിടുന്ന മാനസിക സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്തിയത് സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയാണ്.

പത്തനംതിട്ട ചെങ്ങറയില്‍ നിന്ന് പള്ളിച്ചലിലേക്ക് ഭാര്യയേയും രണ്ട് മക്കളെയും കൂട്ടി വണ്ടി കയറുമ്പോള്‍ ഭൂരഹിതര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചു നല്‍കിയ നാല് സെന്റ് ഭൂമിയല്ലാതെ കൈമുതലായി ഒന്നും തന്നെ ജോണിന് ഉണ്ടായിരുന്നില്ല. കൂലിപ്പണി ചെയ്ത് വര്‍ഷങ്ങളോളം ഷെഡ് കെട്ടി താമസിച്ചിരുന്ന ഇവര്‍ ഇന്ന് അടച്ചുറപ്പുള്ള വീടിന്റെ സുരക്ഷിതത്വത്തിലാണ്. ലൈഫ് മിഷനിലൂടെ അനുവദിച്ചു നല്‍കിയ നാല് ലക്ഷം രൂപയില്‍ രണ്ട് മുറിയും ഒരു ഹാളും അടുക്കളയുമായി ഒരു കൊച്ചു കുടുംബത്തിന് ആവശ്യമായ എല്ലാ സൗകര്യത്തോടുമുള്ള വീടാണ് ജോണിന്റേത്. കഷ്ടപ്പാടിലും പ്രതീക്ഷയുടെ വെളിച്ചം വീശുകയാണ് ലൈഫ്.

ലൈഫിന്റെ തണലില്‍ സുരക്ഷിതയായി ഗിരിജയും

ചോര്‍ന്നൊലിക്കാത്ത വീട്ടില്‍ സുരക്ഷിതമായി ഉറങ്ങാമെന്ന ആശ്വാസത്തിലാണ് ഇന്ന് ഗിരിജ. കേരള സര്‍ക്കരിന്റെ ലൈഫ് പദ്ധതിയില്‍ ലഭിച്ച വീട് ഇവര്‍ക്ക് ശരിക്കും സ്വര്‍ഗ്ഗം തന്നെയാണ്. ലൈഫ് എന്ന വാക്കിനെ എല്ലാത്തരത്തിലും അര്‍ത്ഥവത്താക്കുന്ന സ്വപ്ന പദ്ധതിയുടെ രണ്ടുലക്ഷം ഗുണഭോക്താക്കളില്‍ ഒരാളായി ഗിരിജയുമുണ്ട്. ശക്തിയായി കാറ്റുവീശിയാല്‍ പറന്നുപോകുന്ന ഓലക്കുടിലിലായിരുന്നു 59 വയസ്സായ ഗിരിജയുടെ താമസം. മഴയെത്തും കാറ്റത്തുമെല്ലാം ഭീതിയോടെയാണ് ഇവര്‍ കഴിഞ്ഞിരുന്നത്. മാത്രമല്ല സ്ഥനാര്‍ബുദം കൂടി പിടിപെട്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഈ അമ്മയുടെ ജീവിതം താളെ തെറ്റി. വീട്ടുജോലി ചെയ്ത് വരുമാനം കണ്ടെത്തിയിരുന്ന ശിരിജയുടെ വരുമാന മാര്‍ഗ്ഗം രോഗം അലട്ടാന്‍ തുടങ്ങിയതോടെ നിന്നു.

മകന്‍ ബിജു നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പിലായിട്ട് കാലങ്ങളായി. ബിജുവിന്റെ ഭാര്യ രശ്മി വീട്ടുജോലിയ്ക്ക് പോയി കിട്ടുന്ന വരുമാനത്തിലാണ് ഈ കുടുംബം കഴിഞ്ഞിരുന്നത്. അങ്ങനെയിരിക്കെയാണ് ലൈഫ് പദ്ധതിയിലൂടെ സ്വന്തമായൊരു വീടെന്ന സ്വപ്നം ഇവരെ തേടിയെത്തിയത്. കഠിനംകുളം പഞ്ചായത്തില്‍ നല്‍കിയ അപേക്ഷ പരിശോധിച്ച് വീടുനല്‍കാന്‍ ഉടന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. നാല് ലക്ഷം രൂപയാണ് വീട് നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ നല്‍കിയത്. ഇത് മൂന്ന് ഗഡുക്കളായി വിതരണം ചെയ്തു. രണ്ട് മുറികളും അടുക്കളയും വരാന്തയുമായി മനോഹരമായൊരു വീട് ലൈഫിലൂടെ ഈ കുടുംബത്തിന് ലഭിച്ചു. ആറ് മാസം മുന്‍പ് പണി പൂര്‍ത്തിയാക്കി താമസവും ആരംഭിച്ചു.

ലീലയ്ക്കും മക്കള്‍ക്കും ഇനി സുരക്ഷിതമായി ഉറങ്ങാം 

പള്ളിച്ചല്‍ പഞ്ചായത്തിലെ പറമ്പുകോണത്തിലെ ലീലയും മക്കളും അടച്ചുറപ്പുള്ള വീട് ലഭിച്ചതിന്റെ ആശ്വാസത്തിലാണ്. കേരള സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് ലീലയ്ക്ക് സ്വന്തമായി ഒരു വീട് ലഭിക്കുന്നത്. ഭര്‍ത്താവ് മരിച്ച ലീല മാനസിക രോഗിയാണ്. രണ്ടാണ്മക്കളില്‍ ഒരാള്‍ മാനസിക വെല്ലുവിളി നേരിടുന്നു. മറ്റൊരാള്‍ വികലാംഗനുമാണ്. മഴയത്ത് ചോര്‍ന്നൊലിക്കുന്ന ഷെഡില്‍ കഴിഞ്ഞിരുന്ന ലീലയെ ആഹാരത്തിനും മറ്റും സഹായിച്ചത് അയല്‍വാസികളായിരുന്നു. ലൈഫ് മിഷന്‍ പദ്ധതി നിലവില്‍ വന്നപ്പോള്‍ വാര്‍ഡ് മെമ്പര്‍ ഇവരെ കണ്ട് മതിയായ രേഖകള്‍ പഞ്ചായത്തില്‍ സമര്‍പ്പിച്ചു. പദ്ധതിക്ക് യോഗ്യരെന്ന് കണ്ട് വീട് വെക്കാനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടുപോവുകയും ചെയ്തു. ഇന്ന് ലീലയും മക്കളും ലൈഫ് പദ്ധതി പ്രകാരം ലഭിച്ച വീട്ടില്‍ സുരക്ഷിതരാണ്. 

വാടക വീട് പഴങ്കഥ, ഓമനയ്ക്ക് ലൈഫിന്റെ സ്വന്തം വീട്

തലചായ്ക്കാന്‍ സ്വന്തമായി വീട് എന്ന സ്വപ്നം സഫലമായ സന്തോഷത്തിലാണ് ഓമന. വര്‍ഷങ്ങളായി വാടക വീട്ടില്‍ കഴിഞ്ഞിരുന്ന ഓമനയ്ക്കും കുടുംബത്തിനും ആശ്വാസമൊരുക്കുകയാണ് സര്‍ക്കാരിന്റെ ലൈഫ് പദ്ധതി. ചെമ്മരുതി പഞ്ചായത്തിലെ താമസക്കാരിയായ ഇവര്‍ക്ക് പഞ്ചായത്തില്‍ നിന്നും നാലുലക്ഷം രൂപയാണ് ലൈഫ് പദ്ധതിയിലൂടെ അനുവദിച്ചത്.ഓമനയുടെ ഭര്‍ത്താവിന് ഓഹരിയായി ലഭിച്ച അഞ്ചു സെന്റിലാണ് രണ്ടു മുറിയും അടുക്കളയും സ്വീകരണ മുറിയും അടങ്ങുന്ന നാന്നൂറ് ചതുരശ്ര അടിയുള്ള വീട് നിര്‍മ്മിച്ചത്. വളരെ ബുദ്ധിമുട്ടി ഓരോ ദിവസവും തള്ളി നീക്കുന്ന ഓമനയ്ക്കും ഹൃദ്രോഗിയായ ഭര്‍ത്താവ് പ്രസേനനും വീടിന് വാടക നല്‍കുന്നത് ഏറെ ശ്രമകരമായിരുന്നു. വാടക നല്‍കാനുള്ള ബുദ്ധിമുട്ട് നിമിത്തം ബന്ധുവീടുകളിലും അഭയം തേടേണ്ടി വന്നു. രോഗവസ്ഥ മൂലം സ്ഥിരമായി പണിയ്ക്ക് പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് പ്രസേനന്‍. ഓമനയ്ക്കും വരുമാന മാര്‍ഗ്ഗമൊന്നുമില്ല. ഈ അവസ്ഥയിലാണ് ലൈഫില്‍ ഉള്‍പ്പെടുത്തി വീട് ലഭിക്കുന്നത്. ആരേയും ആശ്രയിക്കാതെ സ്വന്തം വീട്ടില്‍ തലചായ്ക്കാന്‍ കഴിയുന്നതില്‍ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണ് ഇവര്‍ക്കുള്ളത്. നാലുമാസം മുന്‍പ് സ്വന്തം വീട്ടില്‍ താമസം തുടങ്ങിയ ഇവര്‍ക്ക് ജീവിക്കാന്‍ പുതിയ ഊര്‍ജ്ജം കൂടി നല്‍കുകയാണ് ലൈഫ്. 

ലൈഫിന്റെ തണലില്‍ സംഗീതയും കുടുംബവും

പാറശ്ശാല ഗ്രാമപഞ്ചായത്ത് കൊടവിളാകം വാര്‍ഡിലാണ് സംഗീത താമസിക്കുന്നത്. ഭര്‍ത്താവ് ഉപേക്ഷിച്ച സംഗീത നിത്യവൃത്തിക്കായി കശുവണ്ടി ഫാക്ടറിയില്‍ ജോലി ചെയത് വരികയാണ്. അമ്മ സരസ്വതിയും രണ്ട് ആണ്‍ മക്കളുമടങ്ങുന്ന കുടുംബം. ഫാക്ടറിയില്‍ ജോലി ഇല്ലാത്ത ദിവസങ്ങളില്‍ തൊഴിലുറപ്പ് പണിക്കുപോയാണ് കുടുംബത്തെ നോക്കുന്നത്.ലൈഫിലൂടെ വീട് ലഭിക്കുന്നതിന് മുന്‍പ് ഓടിട്ട വീട്ടിലായിരുന്നു സംഗീതയും കുടുംബവും താമസിച്ചിരുന്നത്. മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ മുപ്പത് വര്‍ഷത്തോളം താമസിച്ചു. ലൈഫ് 201819 പദ്ധതിയില്‍ ഉള്‍പ്പെടുത്തുകവഴി അവരുടെ ഏറെ നാളായുള്ള സ്വപ്നമാണ് യാഥാര്‍ഥ്യമായത്. 2019 നവംബറില്‍ വീട് പണി സമയബന്ധിതമായി പൂര്‍ത്തിയായി. 450 സ്‌ക്വയര്‍ഫീറ്റില്‍ രണ്ട് കിടപ്പ് മുറി, ഒരു ശുചിമുറി, അടുക്കള, ഹാള്‍, ചെറിയ സിറ്റ്ഔട്ട് എന്നിവ അടങ്ങുന്നതാണ് വീട്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെങ്കിലും ഒരിക്കലും യാഥാര്‍ഥ്യമാകില്ലെന്ന് കരുതിയ സ്വപ്നം സത്യമായതിന്റെ സന്തോഷത്തിലാണ് സംഗീതയും കുടുംബവും. സംസ്ഥാന സര്‍ക്കാരിന്റെ സഹായം ഇല്ലായിരുന്നെങ്കില്‍ ഒരിക്കലും തനിക്ക് നല്ലൊരു വീട് ലഭിക്കില്ലായിരുന്നെന്നും സര്‍ക്കാരിനോട് അകമഴിഞ്ഞ നന്ദിയുണ്ടെന്നും സംഗീത പറഞ്ഞു.

മണ്‍കുടിലില്‍ നിന്നും സ്വപ്നഭവനത്തിലേക്ക് ശ്രീകുമാര്‍

പള്ളിച്ചല്‍ പഞ്ചായത്തിലെ പാരൂര്‍ക്കുഴിയില്‍ മണ്‍കുടിലില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന ശ്രീകുമാറിനും കുടുംബത്തിനും പ്രതീക്ഷയുടെ പുതുവെളിച്ചം. സര്‍ക്കാരിന്റെ ലൈഫ് മിഷനില്‍ ഇവര്‍ക്ക് സ്വന്തമായി കിടപ്പാടമുണ്ടായി. അടച്ചുറപ്പുള്ള പുത്തന്‍ ഭവനമെന്നത് സ്വപ്നം മാത്രമായിരുന്നു ഇത്രയും കാലം. അമ്മൂമ്മ, അച്ഛന്‍, ഭാര്യ, രണ്ട് മക്കള്‍ എന്നിവരടങ്ങുന്നതാണ് ശ്രീകുമാറിന്റെ കുടുംബം.  വര്‍ഷങ്ങളായി ആറുപേരും മണ്‍കുടിലില്‍ വീര്‍പ്പുമുട്ടി ജീവിച്ചത് ശ്രീകുമാര്‍ ഓര്‍ക്കുന്നു.

ആദ്യ കുഞ്ഞ് അസുഖബാധിതയാണ്. എട്ടാം മാസംതൊട്ട് മാറാരോഗം പിടിപെട്ട് കഷ്ടപ്പെടുകയാണ് ആ കുഞ്ഞ്. ശാരീരികമായി ബുദ്ധിമുട്ട് അനുഭവിച്ചിരുന്നതിനാല്‍ അധികം കായിക ക്ഷമത ആവശ്യമുള്ള ജോലിക്ക് പോകാന്‍ ശ്രീകുമാറിന് കഴിയുമായിരുന്നില്ല. അങ്ങനെ ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും നടുക്ക് ശ്രീകുമാറിന് സ്വന്തം വീട് എന്നത് ചിന്തയില്‍ പോലും ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെയാണ് കേരള സര്‍ക്കാരിന്റെ ലൈഫ് പദ്ധതി വരുന്നത്. പദ്ധതിയെപ്പറ്റി ശ്രീകുമാര്‍ അറിയുകയും കുടുംബശ്രീ വഴി അപേക്ഷിക്കുകയും ചെയ്തു. ശ്രീകുമാറിന്റെ അപേക്ഷ പരിഗണിക്കുകയും പദ്ധതി പ്രകാരമുള്ള നാല് ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.  അതുപയോഗിച്ചു വാസയോഗ്യമായ ഒരു കൊച്ച് മനോഹര ഭവനം പണിത് കുടുംബത്തോടെ ശ്രീകുമാര്‍ അങ്ങോട്ട് താമസം മാറുകയും ചെയ്തു. ഒരുപക്ഷെ സ്വപ്നത്തില്‍ പോലും കാണാത്ത കാര്യം ജീവിതത്തില്‍ സംഭവിച്ചതിന്റെ അത്ഭുതത്തിലും സന്തോഷത്തിലുമാണ് ശ്രീകുമാറും കുടുംബവും ഇന്ന്.