റണ്ണിംഗ് കോൺട്രാക്റ്റ് നടപ്പാക്കുന്നത് പരിശോധിക്കാൻ ചെക്കിംഗ് ടീം

post

കേരളത്തിലെ റണ്ണിംഗ് കോൺട്രാക്റ്റ് ഫലപ്രദമായി നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഒരു ചെക്കിംഗ് ടീമിനെ നിയോഗിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന ഈ ടീം ഈ മാസം 20 മുതൽ പരിശോധന ആരംഭിക്കും. കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

പരിശോധനാ മാനദണ്ഡങ്ങളും തീരുമാനിച്ചു. മൂന്ന് ലക്ഷം കിലോമീറ്റർ റോഡാണ് കേരളത്തിലുള്ളത്. ഇതിൽ 30,000 കിലോമീറ്റർ റോഡ് മാത്രമാണ് പൊതുമരാമത്ത് വകുപ്പിന്റേത്. ഇത് മികച്ച നിലയിൽ പരിപാലിക്കുകയാണ് ലക്ഷ്യം. കാലാവസ്ഥ മാത്രമല്ല റോഡ് തകർച്ചയ്ക്ക് കാരണം. പല കാരണങ്ങളിൽ ഒന്ന് മാത്രമാണ് കാലാവസ്ഥ. തെറ്റായ പ്രവണതകളും റോഡിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നുണ്ട്. അതിനെതിരെ കർശന നടപടികളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

കാലാവസ്ഥ വ്യതിയാനവും റോഡിനെ ബാധിക്കുന്നു. ഇതിനെതിരെ നിർമ്മാണ രീതികളിൽ മാറ്റം വരുത്തും. ഇതിനായി ക്ലൈമറ്റ് സെൽ രൂപീകരിച്ചു. കാലാവസ്ഥ വ്യതിയാനങ്ങൾക്കനുസരിച്ചുള്ള നിർമ്മാണ രീതികളെക്കുറിച്ച് ആലോചിക്കാൻ കേരള ഹൈവെ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനെ (കെ എച്ച് ആർ ഐ) ചുമതലപ്പെടുത്തി. ഇതിന്റെ ദേശീയ സെമിനാർ തിരുവനന്തപുരത്ത് നടക്കും.

പരിപാലന കാലാവധിയുള്ള റോഡുകളിൽ പച്ച ബോർഡുകളും റണ്ണിംഗ് കോൺട്രാക്ട് ഉള്ള റോഡുകളിൽ നീല ബോർഡും സ്ഥാപിക്കും. തെറ്റായി പണമുണ്ടാക്കി ശീലിച്ചവർ ഈ ബോർഡുകൾ കണ്ട് ഞെട്ടുന്ന സ്ഥിതിയുണ്ടാവും. 2025 ഓടെ കാസർകോട് തിരുവനന്തപുരം ദേശിയ പാതാ വികസനം പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ റോഡുകളുടെ ഡിസൈൻ പ്രശ്‌നമാണെന്ന രാഹുൽ ഗാന്ധിയുടെ വാദം ന്യായമാണ്. പോസിറ്റീവാണത്. പരമ്പരാഗത റോഡുകളാണ് കേരളത്തിലേത് അവയുടെ ഡിസൈൻ മാറണം. അതാണ് കിഫ്ബി ഏറ്റെടുത്ത റോഡുകളിൽ നടപ്പിലാക്കുന്നത്. കേരളത്തിൽ നിന്നുള്ള ജനപ്രതിനിധി എന്ന നിലയിൽ രാഹുൽ ഗാന്ധി നിർദ്ദേശങ്ങൾ സമർപ്പിച്ചാൽ ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.