കെല്‍ട്രോണ്‍ പഴയ പ്രതാപത്തിലേക്ക്; എസ്.എം.റ്റി റീഫ്‌ളോ ഫെസിലിറ്റി സെന്റര്‍ യാഥാര്‍ഥ്യമായി

post

* മന്ത്രി ഇ.പി ജയരാജന്‍  ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കെല്‍ട്രോണ്‍ പഴയ പ്രതാപത്തിലേക്കുള്ള തിരിച്ചുവരവിന്റെ പാതയിലാണെന്ന് വ്യവസായമന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. കരകുളം കെല്‍ട്രോണ്‍ കോംപ്ലക്‌സില്‍ എസ്.എം.റ്റി ഫെസിലിറ്റി സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കെല്‍ട്രോണില്‍ ആധുനിക സൗകര്യങ്ങള്‍ ഒരുക്കുന്നതിന് തീവ്രശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. ഐ.എസ്.ആര്‍.ഒയും പ്രതിരോധമേഖലയും ഉള്‍പ്പെടെ ഉന്നത സ്ഥാപനങ്ങള്‍ക്കാണ് കെല്‍ട്രോണ്‍ ഉപകരണങ്ങള്‍ നിര്‍മ്മിച്ചുനല്‍കുന്നത്. അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നത് കെല്‍ട്രോണിന്റെ വളര്‍ച്ചയെ തളര്‍ത്താനാണെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ മൂന്ന് ദിവസമെടുക്കുന്ന പ്രിന്റര്‍ സര്‍ക്യൂട്ട് ബോര്‍ഡ് നിര്‍മ്മാണം എസ്.എം.റ്റി റീഫ്‌ളോ ഫെസിലിറ്റി സെന്ററില്‍ രണ്ട് മണിക്കൂറായി ചുരുങ്ങും. ബഹിരാകാശ ഉപഗ്രഹങ്ങളിലും പി.എസ്.എല്‍.വി, ജി.എസ്.എല്‍.വി തുടങ്ങിയ റോക്കറ്റുകളിലും ഉപയോഗിക്കുന്ന ബോര്‍ഡുകളാണ് സെന്ററില്‍ ആദ്യം നിര്‍മ്മിക്കുക. ഐ.എസ്.ആര്‍.ഒയുടെ അക്രഡിറ്റേഷന്‍ പൂര്‍ത്തിയാകുന്നതോടെ ബോര്‍ഡുകളുടെ ഉത്പാദനം തുടങ്ങും. സ്്‌റ്റെന്‍സില്‍ പ്രിന്റര്‍, പിക്ക് ആന്റ് പ്ലേസ് മെഷീന്‍, റീഫ്‌ളോ ഒവന്‍ എന്നിവയടങ്ങുന്നതാണ് റീഫ്‌ളോ ഫെസിലിറ്റി സെന്റര്‍. നാല് കോടി രൂപയാണ് സെന്ററിന്റെ നിര്‍മ്മാണ ചെലവ്. നിലവില്‍ ഐ.എസ്.ആര്‍.ഒയുടെ 18.5 കോടിയുടെ വിവിധ ഓര്‍ഡറുകളാണ് കെല്‍ട്രോണിന് ലഭിച്ചത്. ചടങ്ങില്‍ കെല്‍ട്രോണ്‍ ചെയര്‍മാന്‍ എന്‍. നാരായണ മൂര്‍ത്തി, എം.ഡി. ഹേമലത, ഐ.എസ്.ആര്‍.ഒയുടെ പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.