അനര്‍ഹമായി മുന്‍ഗണനാകാര്‍ഡ്: 1.49 കോടി പിഴ ഈടാക്കി

post

തിരുവനന്തപുരം : അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡ് കൈവശം വച്ച് റേഷന്‍ സാധനങ്ങള്‍ കൈപ്പറ്റിയത് കണ്ടെത്തിയത് വഴി ജനുവരി 31 വരെ 5403 റേഷന്‍ കാര്‍ഡുകളില്‍ നിന്നായി 1.49 കോടി രൂപ പിഴയിനത്തില്‍ ഈടാക്കി. സിവില്‍ സപ്ലൈസ് വകുപ്പിലെ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് മുന്‍ഗണനാ കമ്പോളവില ഇനത്തില്‍ തുക ഈടാക്കിയത്.
ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 പ്രകാരം സംസ്ഥാനത്തിന് മുന്‍ഗണനാ പട്ടികയിലുള്‍പ്പെടുത്താവുന്നവരുടെ പരിധി നിശ്ചിയിച്ചിരിക്കുന്നത് 1,54,80,040 ആണ്. ഇതു പ്രകാരം തയ്യാറാക്കിയ അന്തിമപട്ടികയില്‍ കടന്നുകൂടിയ അനര്‍ഹരെ ഒഴിവാക്കുന്നതിനുളള ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. സ്വമേധയാ സറണ്ടര്‍ ചെയ്തതിനു പുറമെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായതുമായ റേഷന്‍ കാര്‍ഡുകള്‍ വകുപ്പുതല അന്വേഷണത്തിലൂടെ പൊതു വിഭാഗത്തിലേയ്ക്ക് മാറ്റി. വിവിധ വകുപ്പുകളില്‍ നിന്നും ലഭ്യമായ ഡാറ്റാ മാപ്പിംഗ് നടത്തി അനര്‍ഹ കുടുബങ്ങളെ കണ്ടെത്തി പൊതു വിഭാഗത്തിലേക്ക് മാറ്റി വരുന്നുണ്ട്. നാളിതുവരെ 4.68 ലക്ഷം കുടുംബങ്ങളെ മേല്‍പ്പറഞ്ഞ രീതിയില്‍ ഒഴിവാക്കുകയും ഇത്രയും കുടുബങ്ങളെ മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. (ഏകദേശം 23.42 ലക്ഷം അംഗങ്ങള്‍).
തുടര്‍ച്ചയായി മൂന്നു മാസക്കാലം റേഷന്‍ വാങ്ങാത്ത എ.എ.വൈ/പി.എച്ച്.എച്ച് വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട കുടുംബങ്ങളെ മുന്‍ഗണനാ പട്ടികയില്‍ നിന്നും ഒഴിവാക്കി പകരം അദാലത്തുകള്‍ നടത്തി കണ്ടെത്തിയിട്ടുളള അര്‍ഹരെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു. ഒഴിവാക്കപ്പെടുന്ന കുടുംബങ്ങളില്‍ അര്‍ഹരായിട്ടുളളവര്‍ ഉണ്ടെങ്കില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. അന്വേഷണങ്ങള്‍ നടത്തി നിലവിലെ മാനദണ്ഡ പ്രകാരം അര്‍ഹതയുണ്ടെന്ന് കണ്ടെത്തിയാല്‍ മുന്‍ഗണനാ പട്ടികയിലേക്കുളള സാദ്ധ്യതാ പട്ടികയില്‍ അര്‍ഹമായ സ്ഥാനം നല്‍കി ഉള്‍പ്പെടുത്തും.