ഹൈടെക്ക് നിലവാരമുയര്‍ത്തി തൃശ്ശൂർ മെഡിക്കല്‍ കോളേജ്

post

ഹൈടെക്ക് നിലവാരമുയര്‍ത്തി ഗവ.മെഡിക്കല്‍ കോളേജ്. സമീപ ജില്ലകള്‍ക്കു കൂടി ഉപകാരപ്പെടുന്ന നവജാത ശിശു ഐസിയു വിഭാഗവും ലിക്വിഡ് ഓക്സിജന്‍ പ്ലാന്റും ഉള്‍പ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളുമായാണ് മെഡിക്കല്‍ കോളേജ് കൂടുതൽ ഹൈടെക്കായത്. ഇവ ഉള്‍പ്പെടെ 26.42 കോടി രൂപയുടെ വിവിധ പദ്ധതികളാണ് ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.

കോവിഡ് ഉള്‍പ്പെടെ ഭാവിയില്‍ ഉണ്ടായേക്കാവുന്ന എല്ലാ ഓക്സിജന്‍ ആവശ്യങ്ങള്‍ക്കും പര്യാപ്തമായ വിധത്തില്‍ 83.14 ലക്ഷം രൂപ ചെലവിലാണ് ലിക്വിഡ് ഓക്സിജന്‍ പ്ലാന്റ് ഒരുക്കിയിരിക്കുന്നത്. 89.35 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന കുട്ടികളുടെ ഐസിയുവും അനുബന്ധ സൗകര്യങ്ങള്‍ എന്നിവയ്ക്ക് പുറമെ കോവിഡ് പോലുള്ള പകര്‍ച്ചവ്യാധികളെ നേരിടാന്‍ അടക്കം ഉപയോഗിക്കാവുന്ന ആധുനിക നെഗറ്റീവ് പ്രഷര്‍ സംവിധാനവും പുതുതായി ഒരുക്കിയിട്ടുണ്ട്.

1.10 കോടി രൂപ ചെലവില്‍ ക്യാമ്പസ് സിസിടിവി സിസ്റ്റം - ക്യാമ്പസിലെ വിവിധ ഭാഗങ്ങളിലായി 197 ക്യാമറകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 1.86 കോടിയില്‍ നെല്‍സ് ട്രെയിനിംഗ് സെന്റര്‍ ആന്റ് സിംസ് മാന്‍ ത്രീജി സംവിധാനം - അത്യാധുനിക സൗകര്യങ്ങളുമായി വിവിധ ഇനം പരിശീലനങ്ങള്‍ ഏകോപിപ്പിക്കും.

13.2 കോടി രൂപ ചെലവില്‍ നിര്‍മിച്ച പുതിയ പിജി ഹോസ്റ്റലും ഉദ്ഘാടനത്തിനുള്ള പദ്ധതിയാണ്. 7 നിലകളിലായുള്ള രണ്ട് പിജി ഹോസ്റ്റലുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ചു. എന്‍എച്ച്എം മുഖാന്തിരം രോഗികളും ഡോക്ടര്‍മാരും തമ്മില്‍ സംവദിക്കാനുള്ള സംവിധാനമായ ഇ - സഞ്ജീവനി ഡിസ്ട്രിക്ട് ഹബ്ബ് 15 ലക്ഷം രൂപ ചെലവിലാണ് നിര്‍മിച്ചത്. 60 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച സെന്‍ട്രല്‍ ബയോ മെഡിക്കല്‍ പ്ലാന്റ് ആണ് ഉദ്ഘാടനം ചെയ്യപ്പെട്ട മറ്റൊരു പദ്ധതി. 1000 കിടക്കകള്‍ക്ക് വരെ കംപ്രസ്ഡ് എയര്‍ വിതരണം ചെയ്യാന്‍ സാധിക്കുന്ന പ്ലാന്റ് ആയി ഉയര്‍ത്തി പുനസ്ഥാപിക്കുകയാണ് ചെയ്തത്. നിലവില്‍ 500 കിടക്കകളുമായി ഇതിനെ ബന്ധിപ്പിച്ചിട്ടുണ്ട്.

37 ലക്ഷം രൂപ ചെലവില്‍ എംബാമിംഗ്/ ഡിസക്ഷന്‍ ഹാള്‍ - മരണാനന്തരം മൃതദേഹങ്ങള്‍ എംബാം ചെയ്ത് നല്‍കാനും പഠനാവശ്യങ്ങള്‍ക്കുള്ളവ സൂക്ഷിക്കുന്നതിനും വേണ്ട സംവിധാനം. രോഗി സൗഹൃദ ആശുപത്രി അന്തരീക്ഷം ഒരുക്കുന്നതിനുള്ള 'കൂടെ' പദ്ധതി. രോഗികള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കി പദ്ധതി തുടക്കം കുറിച്ചു. 2 കോടി രൂപയുടെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പാരാ മെഡിക്കല്‍ കെട്ടിടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. 40 ലക്ഷം രൂപ ചെലവിട്ട് പുനരുദ്ധാരണം നടത്തിയാണ് ഹൗസ് സര്‍ജന്‍സ് കോട്ടേഴ്സ് നവീകരിക്കുന്നത്.