കുളമുട്ടം ആയുര്‍വേദ ആശുപത്രി ബഹുനില മന്ദിരം ഉദ്ഘാടനം ചെയ്തു
 
                                                തിരുവനന്തപുരം : മണമ്പൂര്‍ ഗ്രാമ പഞ്ചായത്തിലെ കുളമുട്ടം ആയുര്‍വേദ ആശുപത്രിയില്‍ നിര്‍മിച്ച ബഹുനില മന്ദിരത്തിന്റെയും  രണ്ട് പുതിയ ചികിത്സ വിഭാഗത്തിന്റെയും ഉദ്ഘാടനം ആരോഗ്യമന്ത്രി  കെ.കെ ഷൈലജ ടീച്ചര്‍ നിര്‍വഹിച്ചു.  ആരോഗ്യ മേഖലയില്‍ മാത്രം 5200 പുതിയ തസ്തികകളാണ് സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ആയുഷ് മേഖലയില്‍ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ബി. സത്യന്‍ എം. എല്‍. എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ ചെലവഴിച്ചാണ് ബഹുനില മന്ദിരം പണികഴിപ്പിച്ചത്. സ്ത്രീ രോഗ അസ്ഥിരോഗ വിഭാഗമാണ് പുതിയതായി  ആരംഭിച്ചത്. 10 കിടക്കകളുള്ള ആശുപത്രിയില്‍ ദിവസവും നിരവധിപേരാണ് ചികിത്സ തേടിയെത്തുന്നുണ്ട്. 4 ഡോക്ടര്‍മാരുള്ള ആശുപത്രിയില്‍ യോഗ വിഭാഗവും, ജനറല്‍  മെഡിസിന്‍ എന്നിവയും  പ്രവര്‍ത്തിക്കുന്നുണ്ട്.
കുളമുട്ടം ഗവണ്‍മെന്റ്  എല്‍.പി.എസ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ അഡ്വ.ബി. സത്യന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മണമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  അമ്പിളി പ്രകാശ് സ്വാഗതവും. അഡ്വ. അടൂര്‍പ്രകാശ് എം.പി മുഖ്യപ്രഭാഷണവും  നടത്തി. വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  എം. കെ. യൂസഫ്,  ജില്ലാ പഞ്ചായത്ത് അംഗം എസ്. ഷാജഹാന്‍, മണമ്പൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  എസ്. സുരേഷ് കുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍,  ബ്ലോക്ക്  ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍,  വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാര്‍. സാമൂഹ്യ സാംസ്‌കാരിക നേതാക്കന്മാര്‍ എന്നിവര്‍  ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി  ചെറുന്നിയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം  കുടുംബരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയതിന്റെ ഉദ്ഘാടനവും മന്ത്രി ഇന്നലെ  നിര്‍വഹിച്ചു. കുടുംബാരോഗ്യ കേന്ദ്രമാക്കി  ഉയര്‍ത്തിയതോടു കൂടി ഒ.പി  പ്രവര്‍ത്തന സമയം രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെയായി.  ഫാര്‍മസി,  ക്ലിനിക്കല്‍ ലബോറട്ടറി തുടങ്ങി നിരവധി  സൗകര്യങ്ങളും ചെറുന്നിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്.










