വീട്ടിലൊരു കുടുംബശ്രീ ഉല്‍പന്നം : സംസ്ഥാനതല ക്യാമ്പെയ്‌നുമായി കുടുംബശ്രീ

post

തിരുവനന്തപുരം: തനിമയും കേരളീയതയും പരിശുദ്ധിയും ഒരുമിക്കുന്ന കുടുംബശ്രീ ഉല്‍പന്നങ്ങള്‍ മാര്‍ച്ച് 15ന് കേരളത്തിലെ ഓരോ വീട്ടിലേക്കുമെത്തുന്നു. 'വീട്ടിലൊരു കുടുംബശ്രീ ഉല്‍പന്നം' എന്ന പേരില്‍ മാര്‍ച്ച് പതിനഞ്ചിന് സംഘടിപ്പിക്കുന്ന സംസ്ഥാനതല ക്യാമ്പെയ്‌ന്റെ ഭാഗമായാണ് കുടുംബശ്രീ ഉല്‍പന്നങ്ങളുമായി വനിതാ സംരംഭകരും സിഡിഎസ് പ്രവര്‍ത്തകരും വീടുകളിലെത്തുക. കാര്‍ഷിക സൂക്ഷ്മ സംരംഭ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ കൂടുതല്‍ ജനപ്രിയമാക്കുന്നതിനും മെച്ചപ്പെട്ട പ്രാദേശിക വിപണി ഉറപ്പാക്കുകയുമാണ് ക്യാമ്പെയ്‌ന്റെ  ലക്ഷ്യമെന്ന് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ അറിയിച്ചു. 

 ഈ സാമ്പത്തിക വര്‍ഷം ഉപജീവന വര്‍ഷമായി ആചരിക്കുന്നതിന്റെയും അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെയും ഭാഗമായാണ് മാര്‍ച്ചില്‍ വിവിധ പരിപാടികളോടെ കുടുംബശ്രീയുടെ നേതൃത്വത്തില്‍  വേറിട്ടൊരു ക്യാമ്പെയ്ന്‍ സംഘടിപ്പിക്കുന്നത്. കുടുംബശ്രീ ഉല്‍പന്നങ്ങളെ ഓരോ കുടുംബത്തിനും പരിചയപ്പെടുത്തുകയും അതുവഴി ഉല്‍പന്നങ്ങളുടെ സ്വീകാര്യതയും വിപണനവും വര്‍ധിപ്പിക്കുകയുമാണ് ലക്ഷ്യം. 

മാര്‍ച്ച് 15ന് അതത് സി.ഡി.എസിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ സംരംഭകര്‍, എഡിഎസ് പ്രതിനിധികള്‍ എന്നിവര്‍ വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളുമായി ഓരോ വീട്ടിലുമെത്തും. ഇതോടൊപ്പം തങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങളെ കുറിച്ചും ഇവ ലഭ്യമാകുന്ന നാനോ മാര്‍ക്കറ്റുകള്‍, മറ്റു വിപണന കേന്ദ്രങ്ങള്‍ എന്നിവയെ കുറിച്ചും വിശദീകരിക്കും. നാടന്‍ ഉല്‍പന്നങ്ങള്‍ മിതമായ വിലയ്ക്ക് വാങ്ങാനുള്ള അവസരമാണ് ഇതുവഴി പൊതുജനങ്ങള്‍ക്ക് ലഭിക്കുക. 

അതത് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍, അസി.കോ-ഓര്‍ഡിനേറ്റര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ബ്‌ളോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍ എന്നിവരായിരിക്കും ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുക.  വൈവിധ്യമാര്‍ന്ന ഗ്രാമീണ ഉല്‍പന്നങ്ങള്‍ക്ക് പ്രാദേശികമായി തന്നെ കൂടുതല്‍ വിപണന മേഖലകള്‍ കണ്ടെത്താനും അതോടൊപ്പം ഓരോ കുടുംബങ്ങളിലേക്കും തങ്ങളുടെ ഉല്‍പന്നങ്ങള്‍ നേരിട്ടെത്തിച്ചുകൊണ്ട് സ്ഥായിയായ വിപണന മാര്‍ഗത്തിനു വഴിയൊരുക്കാനും ക്യാമ്പെയ്‌നിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

മാര്‍ച്ച് 15ന് വീടുകളിലേക്ക് ഉല്‍പന്നങ്ങളെത്തിക്കുന്ന ക്യാമ്പെയ്ന്‍ കൂടാതെ ഏഴിന് എല്ലാ ജില്ലകളിലും ഏറ്റവും മികച്ച സംരംഭകരെ തിരഞ്ഞെടുത്ത് ആദരിക്കുന്നതിനും സൂക്ഷ്മസംരംഭ മേഖലയിലേക്ക് കടന്നു വരാന്‍ ആഗ്രഹിക്കുന്നവരുമായി ഇവരുടെ അറിവുകള്‍ പങ്കിടുന്നതിനും 'ഷീ ടോക്' എന്ന പരിപാടിയും സംഘടിപ്പിക്കും. കൂടാതെ സംരംഭകര്‍ക്ക് ബിസിനസ് വികസനവുമായി ബന്ധപ്പെട്ട മേഖലകളില്‍ പരിശീലനവും ലഭ്യമാക്കും. കുടുംബശ്രീ ഉല്‍പന്നങ്ങളെ കൂടുതല്‍ ആളുകളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് 16ന് എല്ലാ സിഡിഎസുകളുടെയും പരിധിയിലുള്ള സൂപ്പര്‍മാര്‍ക്കറ്റുകള്‍, കടകള്‍, ബേക്കറികള്‍ എന്നിവിടങ്ങളില്‍ കുടുംബശ്രീ ഉല്‍പന്നങ്ങള്‍ സ്ഥിരമായി ലഭ്യമാക്കുന്നതിനുള്ള''നാനോ മാര്‍ക്കറ്റു'കളും സ്ഥാപിക്കുന്നുണ്ട്. 

ക്യാമ്പെയ്‌നുമായി ബന്ധപ്പെട്ടു തയ്യാറാക്കിയ പോസ്റ്ററിന്റെ പ്രകാശനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോറിന് നല്‍കി പ്രകാശനം ചെയ്തു. സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍മാരായ ജിബി മാത്യ ഫിലിപ്പ്, മുഹമ്മദ് ഷാന്‍ എസ്.എസ് എന്നിവര്‍ പങ്കെടുത്തു.