ഈറ്റ് റൈറ്റ് ക്യാമ്പസ്: പഞ്ചനക്ഷത്ര പദവിയില്‍ വെള്ളച്ചാല്‍ എം.ആര്‍.എസ്

പഞ്ചനക്ഷത്ര പദവി ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ സ്‌കൂള്‍ ഹോസ്റ്റലായി വെള്ളച്ചാല്‍ എം.ആര്‍.എസ്
ഗുണമേന്‍മയുള്ള ഭക്ഷണം, ആരോഗ്യകരമായ അന്തരീക്ഷം. ഇവയൊക്കെയായപ്പോള്‍ ഫൈവ് സ്റ്റാറായി പട്ടിക ജാതി വികസനവകുപ്പിന് കീഴിലെ മാതൃകാ സഹവാസ വിദ്യാലയം. ഈറ്റ് റൈറ്റ് ക്യാമ്പസ് പഞ്ചനക്ഷത്ര പദവിയാണ് കാസര്‍കോട് വെള്ളച്ചാലിലെ ആണ്‍കുട്ടികളുടെ മാതൃകാ സഹവാസ വിദ്യാലയത്തിന് ലഭിച്ചത്. ഇതോടെ പഞ്ചനക്ഷത്ര പദവി ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ സ്‌കൂള്‍ ഹോസ്റ്റലായി വെള്ളച്ചാല്‍ എം.ആര്‍.എസ് മാറി. ഹോസ്റ്റല്‍ ഭക്ഷണത്തിന്റെ ഉള്‍പ്പെടെ ഗുണമേന്മ പരിശോധിച്ച് കേന്ദ്ര സര്‍ക്കാറിന്റെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് നക്ഷത്ര പദവി നല്‍കിയത്.
കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍വ്വകലാശാലക്ക് ഈ പദവി ലഭിച്ചിരുന്നു. സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ഈറ്റ് റൈറ്റ് ഇന്ത്യ. ഇതിന്റെ ഭാഗമായാണ് സര്‍വ്വകലാശാലകള്‍, കോളേജുകള്‍, സ്ഥാപനങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയവക്കായി ഈറ്റ് റൈറ്റ് ക്യാമ്പസ് പരിപാടി ആരംഭിച്ചത്. എം ആര്‍ എസ് ക്യാമ്പസിലെ അടുക്കള എഫ്.എസ്.എസ്.ഐക്കു കീഴില്‍ രിജിസ്റ്റര്‍ ചെയ്ത് മുഴുവന്‍ ജീവനക്കാരും പരിശീലനം പൂര്‍ത്തിയാക്കുകയും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുകയും ചെയ്തു.
സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് ജീവനക്കാര്‍ സ്ഥാപനം സന്ദര്‍ശിച്ച് ഗുണമേന്മ ഉറപ്പ് വരുത്തി. പാചകത്തിന് ഉപയോഗിക്കുന്ന ഭക്ഷ്യ വസ്തുക്കളും തയ്യാര്‍ ചെയ്ത ഭക്ഷണവും പരിശോധനക്കു വിധേയമാക്കി. എഫ്.എസ്.എസ്.ഐയുടെ എം പാനല്‍ ചെയ്ത തേര്‍ഡ് പാര്‍ട്ടി ഓഡിറ്റും പൂര്‍ത്തിയാക്കിയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
മൂന്നോ അതിലധികമോ നക്ഷത്രങ്ങൾ നേടിയ സ്ഥാപനങ്ങളെയാണ് ഈറ്റ് റൈറ്റ് ക്യാമ്പസായി സാക്ഷ്യപ്പെടുത്തുന്നത്. എം ആര്‍ എസ് വെള്ളച്ചാലിന് ഇതില്‍ ഫൈവ് സ്റ്റാറോടെ ഏറെ മികവ് പുലര്‍ത്താന്‍ സാധിച്ചു. രണ്ട് വര്‍ഷത്തേക്കാണ് സര്‍ട്ടിഫിക്കേഷന്‍ സാധുത. പട്ടികജാതി വകുപ്പിന്റെ കീഴിലുള്ള വെള്ളച്ചാല്‍ എം ആര്‍ എസിന് ദേശീയാഗീകാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും വകുപ്പിനു കീഴിലെ എല്ലാ ഹോസ്റ്റലുകളിലെയും വിദ്യാര്‍ത്ഥികള്‍ക്കും ആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കാന്‍ വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്നും ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എസ്.മീനാറാണി പറഞ്ഞു.
കൊടക്കാട് വില്ലേജില്‍ 8.18 ഏക്കര്‍ വിസതൃതിയില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള വിശാലമായ എം ആര്‍ എസ് ക്യാമ്പസില്‍ നിലവില്‍ 182 കുട്ടികള്‍ പഠിക്കുന്നു. ഭക്ഷണ താമസ പഠന സൗകര്യങ്ങളെല്ലാം സൗജന്യമാണ്. സംഗീതം, അഭിനയം, ചിത്രരചന, പ്രസംഗം, എഴുത്ത് തുടങ്ങിയ കലാ സാഹിത്യ മേഖലയിലും കായിക രംഗത്തും മികച്ച പരിശീലനമാണ് നല്‍കുന്നത്. 1993 ല്‍ സ്ഥാപിതമായ വെള്ളച്ചാല്‍ എം ആര്‍ എസില്‍ നിന്നും കഴിഞ്ഞ 15 എസ് എസ് എല്‍ സി ബാച്ചുകള്‍ മികച്ച ഗ്രേഡിങ്ങോടെ നൂറ് ശതമാനം വിജയം നേടിയിട്ടുണ്ട്.