പ്രത്യേക ഉപജീവന പാക്കേജിന് വടവുകോട് ബ്ലോക്കിൽ തുടക്കമാകും

post


ആയിരക്കണക്കിന് കുടുംബശ്രീ സംരംഭങ്ങൾ ആരംഭിച്ച് സംസ്ഥാനത്തിന് മാതൃകയായ വടവുകോട് ബ്ലോക്ക് പഞ്ചായത്തിൽ സർക്കാരിന്റെ പ്രത്യേക ഉപജീവന പാക്കേജിന് തുടക്കം കുറിക്കുന്നു.

ഗ്രാമീണ മേഖലയുടെ ഉന്നമനത്തിനായി കുടുംബശ്രീ വഴി നടപ്പാക്കുന്ന സ്പെഷ്യൽ ലൈവ് ലി ഹുഡ്‌ പാക്കേജിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിനാണ് വടവുകോട് ബ്ലോക്ക് വേദിയാകുന്നത്.

നേരത്തെ നടപ്പാക്കിയ സ്റ്റാർട്ട് അപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമിന്റെ (എസ്.വി.ഇ.പി) ഭാഗമായുള്ള നേട്ടങ്ങൾ കണക്കിലെടുത്താണ് പദ്ധതിക്ക് തുടക്കം കുറിക്കാൻ ബ്ലോക്ക് പഞ്ചായത്തിനെ തിരഞ്ഞടുത്തത്. ദാരിദ്ര നിർമാർജനം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നടപ്പാക്കിയ എസ്.വി.ഇ.പി പദ്ധതി കേരളത്തിൽ ആദ്യമായി നടപ്പാക്കിയത് വടവുകോട് ബ്ലോക്കിലും പത്തനംതിട്ട ജില്ലയിലെ പറക്കോട് ബ്ലോക്കിലുമാണ്. കുടുംബശ്രീക്കായിരുന്നു പദ്ധതി നിർവഹണ ചുമതല. 2017ൽ പരീക്ഷണാർത്ഥം വടവുകോടിൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി നാല് വർഷത്തിനുള്ളിൽ 2054 സംരംഭങ്ങൾ ആരംഭിക്കാനായിരുന്നു ലക്ഷ്യമിട്ടത്. ഗ്രാമീണ മേഖലയിൽ കൂടുതലായുള്ള കൃഷി, മൃഗസംരക്ഷണ മേഖലകൾ ഒഴികെയുള്ള സംരംഭങ്ങളാകണം ആരംഭിക്കേണ്ടത് എന്നായിരുന്നു നിർദ്ദേശം.

പദ്ധതി നടത്തിപ്പിനായി ബ്ലോക്ക് നോഡൽ സൊസൈറ്റി ഫോർ എന്റർപ്രൈസസ് പ്രമോഷൻ എന്ന പേരിൽ ചാരിറ്റബിൾ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത പ്രത്യേക സമിതിയും രൂപീകരിച്ചു.

കുടുംബശ്രീയുടെ ജില്ലാ മിഷൻ പ്രതിനിധികളും ബ്ലോക്കിലെ ആറ് സി.ഡി.എസ് അധ്യക്ഷരും ഉൾപ്പെട്ടതായിരുന്നുസമിതി. സംരംഭകരെ കണ്ടെത്താനും അവർക്കാവശ്യമായ സഹായം ലഭ്യമാക്കുന്നതിനുമായി പ്രത്യേക പരിശീലനം ലഭിച്ച 19 മൈക്രോ എന്റർപ്രൈസസസ് കൺസൾട്ടന്റുമാരെയും കുടുംബശ്രീ നിയമിച്ചിരുന്നു. കൂട്ടായ പരിശ്രമത്തെ തുടർന്ന് 2021ൽ പദ്ധതി അവസാനിക്കുമ്പോൾ 2129 സംരംഭങ്ങളാണ് എസ്.വി.ഇ.പിയുടെ ഭാഗമായി വടവുകോട് ബ്ലോക്കിൽ ആരംഭിച്ചത്.

ലക്ഷ്യമിട്ടതിനേക്കാൾ 75 സംരംഭങ്ങൾ ആരംഭിക്കാൻ കഴിഞ്ഞു. പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സംരംഭങ്ങൾക്കും ഇതിന് വേണ്ടി നിയമിച്ചിരുന്ന കൺസൾട്ടന്റുമാർക്കും തുടർന്നും പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ പ്രത്യേക ഉപജീവന പാക്കേജ് നടപ്പാക്കുന്നത്.

എസ്.വി.ഇ.പിയുടെ തുടർച്ച എന്ന രീതിയിൽ ആരംഭിക്കുന്ന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം 25 ന് കോലഞ്ചേരിയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ നിർവഹിക്കും.