ദുരന്തനിവാരണം; ജില്ലയില്‍ 22500 പേരടങ്ങിയ സന്നദ്ധസേനയുണ്ടാക്കും

post

കണ്ണൂര്‍: ജില്ലാതല സാമൂഹിക സന്നദ്ധ സേനയിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ജില്ലയിലെ ജനസംഖ്യയ്ക്ക് ആനുപാതികമായി 22500 പേരടങ്ങിയ സേനയാണ് രൂപീകരിക്കുന്നത്. പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ദുരന്തമുഖങ്ങളില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തുക, രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുക എന്നീ ഉദ്ദേശത്തോടെയാണ് സേന രൂപീകരിക്കുന്നത്.  സംസ്ഥാനതലത്തിലുള്ള പദ്ധതിയുടെ ഭാഗമായാണിത്.  16 നും 65 നും ഇടയില്‍ പ്രായമുള്ള ആരോഗ്യമുള്ള ഏതൊരു വ്യക്തിക്കും സേനയില്‍ അംഗമാകാം. 

സേവന രീതിയില്‍ പ്രവര്‍ത്തിക്കുന്ന സേനയില്‍ പങ്കാളികളാകുന്നതിന് 9400198198 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് സന്നദ്ധം എന്ന മെസേജ് അയക്കാവുന്നതാണ്. മെസേജ് ലഭിച്ചാല്‍ ഉടന്‍ തിരികെ ബന്ധപ്പെട്ട് മെസേജ് അയച്ച വ്യക്തിയുടെ വിവരങ്ങള്‍ ശേഖരിക്കുകയും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യും. www.sannadham.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നേരിട്ടും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

സേനയില്‍ അംഗങ്ങളാകുന്നവര്‍ക്ക് രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ചും വിവിധ രക്ഷാ മാര്‍ഗ്ഗങ്ങളെക്കുറിച്ചും പ്രത്യേക പരിശീലനം നല്‍കും. മാര്‍ച്ച് ആദ്യ വാരത്തോടെ സംസ്ഥാനത്ത് പദ്ധതിക്ക് തുടക്കമാകും. ഈ വര്‍ഷത്തെ മഴക്കാലമാകുമ്പോഴേക്കും സേനയെ പ്രവര്‍ത്തന സജ്ജമാക്കുന്ന രീതിയിലാണ് നടപടികള്‍ ക്രമീകരിച്ചിരിക്കുന്നത്. സേനയില്‍ അംഗങ്ങളാകുന്നവര്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രശസ്തി പത്രം നല്‍കും.

സേനയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി സേന ഡയറക്ടര്‍ അമിത് മീണയുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍മാരുടെയും വിവിധ വകുപ്പ് മേധാവികളുടെയും വീഡിയോ കോണ്‍ഫറന്‍സ് നടന്നു. മാസ്റ്റര്‍ ട്രെയിര്‍മാരുടെയും തുടര്‍ന്നുള്ള പരിശീലനത്തിനും ആവശ്യമായ അഞ്ചോളം കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ ഡയറക്ടര്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പദ്ധതിയില്‍ ഏറ്റവും അടിത്തട്ടില്‍ ഉള്ളവരെ കൂടി ഉള്‍പ്പെടുത്തണമെന്നും പദ്ധതിയെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാതലത്തില്‍ ജില്ലാകലകടറുടെ അദ്ധ്യക്ഷതയിലുള്ള സ്റ്റിയറിങ്ങ് കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. കോളേജ് വിദ്യാര്‍ത്ഥികള്‍, എന്‍ എസ് എസ്, എന്‍ സി സി തുടങ്ങിയ സന്നദ്ധസംഘടനകള്‍ എന്നിവരെക്കൂടി സേനയുടെ ഭാഗമാക്കും.