നീറ്റിലിറങ്ങാൻ തയ്യാറെടുത്ത് 'ചേരമാൻ പെരുമാൾ'

post

മുസിരിസിന്റെ കായലോളങ്ങൾക്ക് പ്രൗഡിയേകാൻ ഇനി `ചേരമാൻ പെരുമാളും'. മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ജലാശയ ടൂറിസം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യം വെച്ചാണ് പെരുമാൾ നീറ്റിലിറങ്ങുക. ആഗസ്റ്റ് 27ന് രാവിലെ 9.30 ന് കോട്ടപ്പുറം വാട്ടർ ഫ്രണ്ട് പരിസരത്ത് നടക്കുന്ന ബോട്ട് ലോഞ്ചിംഗ് അഡ്വ.വി ആർ സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും.


കേരള ഷിപ്പിംഗ് ആന്റ് ഇൻലാന്റ് നാവിഗേഷൻ നിർമ്മിച്ചു നൽകിയ മൂന്ന് ബോട്ടുകളിൽ രണ്ടാമത്തെ ബോട്ടാണ് ചേരമാൻ പെരുമാൾ. അത്യാധുനിക സംവിധാനങ്ങളോടെയുള്ള 24 സീറ്റിന്റെ ബോട്ടാണിത്. മൂന്ന് ബോട്ടുകൾക്കായി 3.13 കോടി രൂപയാണ് ചെലവഴിക്കുന്നത്.


മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി പുതിയ ജലാശയ ടൂര്‍ പാക്കേജുകള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിവിധയിനം ബോട്ടുകള്‍ നീറ്റിലിറക്കുന്നത്. ഉള്‍നാടന്‍ ജലഗതാഗതത്തിന്റെ അനന്തസാധ്യതകള്‍ കണ്ടെത്തുന്നതിനും വില്ലേജ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയുള്ള വിവിധ തരത്തിലുള്ളതായിരിക്കും ജലാശയ ടൂര്‍ പാക്കേജുകളെന്ന് മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടർ ഡോ. കെ മനോജ് കുമാർ പറഞ്ഞു.