ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററുമായി അങ്കമാലി ബ്ലോക്ക് പഞ്ചായത്ത്

post

ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പീച്ചാനിക്കാട് ആരംഭിക്കുന്ന ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ബുദ്ധിപരമായ ബലഹീനതകള്‍ നേരിടുന്നവര്‍ക്ക് പ്രത്യേക വിദ്യാഭ്യാസം നല്‍കി ഇവരുടെ പരമാവധി വികസനം സാധ്യമാക്കി സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്.

ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വനിത വൃദ്ധസദനമായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് നവീകരിച്ച് ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററാക്കി മാറ്റിയത്. ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററിനു പ്രവര്‍ത്തിക്കാന്‍ കഴിയുംവിധം നിലവിലുള്ള മുറികള്‍ സജ്ജമാക്കി. വീല്‍ചെയറില്‍ എത്തുന്ന കുട്ടികള്‍ക്കു കെട്ടിടത്തിലേക്കു കയറാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ വീടുകളില്‍ നിന്നു വാഹനത്തില്‍ സെന്ററിലെത്തിച്ച് പകല്‍ മുഴുവന്‍ അവരുടെ മാനസിക ഉല്ലാസത്തിനുള്ള സൗകര്യവും പരിചരണവും ഇവിടെ ഒരുക്കും. കല്ലേറ്റുംകരയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനുമായി (എന്‍ഐപിഎംഇആര്‍) സഹകരിച്ചാണ് സെന്റര്‍ പ്രവര്‍ത്തിക്കുക.

ഇവിടെ നിന്നുള്ള വിദഗ്ധരുടെ സേവനം റിഹാബിലിറ്റേഷന്‍ സെന്ററില്‍ ലഭ്യമാകും. ഒക്യുപ്പേഷണല്‍ തെറാപ്പി, സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാക്കും. തെറാപ്പി ചികിത്സകള്‍ക്കാവശ്യമായ ഉപകരണങ്ങളെല്ലാം സജ്ജമാക്കിയിട്ടുണ്ട്. ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്റര്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.