സംരംഭങ്ങൾക്ക് പിന്തുണ നൽകാൻ ബാങ്കുകൾക്ക് നിർദേശം

post


സംസ്ഥാന സർക്കാരിന്റെ ഒരു വർഷം ഒരു ലക്ഷം സംരംഭ പദ്ധതിക്ക് എല്ലാവിധ പിന്തുണയും നൽകുന്നതിന് ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ ജില്ലാതല ബാങ്കേഴ്സ് അവലോകന യോഗം തീരുമാനിച്ചു. സംരംഭകർക്ക് കാലതാമസമില്ലാതെ വായ്പ നൽകണമെന്നും പരാതികൾ പരിശോധിച്ച് വേഗത്തിൽ തീർപ്പ് കല്പിക്കണമെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച ഡെപ്യൂട്ടി കളക്ടർ പാർവതിദേവി പറഞ്ഞു.


പദ്ധതിക്ക് കീഴിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സംരംഭങ്ങൾ തുടങ്ങിയ ജില്ല തൃശൂരാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഒരു കുടുംബം ഒരു സംരംഭം പദ്ധതി നടപ്പാക്കി വരുന്നുണ്ട്. കോവിഡാനന്തരം സംരംഭങ്ങൾ തുടങ്ങുന്നതിനു കൂടുതൽപേർ മുന്നോട്ടു വരുന്നുണ്ട്. ഇവർക്ക് വേണ്ട സാമ്പത്തിക പിന്തുണ നൽകുന്നതിന് ബാങ്കുകൾ തയ്യാറാകണമെന്ന് ബാങ്ക് പ്രതിനിധികളോട് യോഗം അഭ്യർത്ഥിച്ചു. വിവിധ സർക്കാർ വകുപ്പുകളിലെ പദ്ധതികളിൽ ഉൾപ്പെടുത്തി കുറഞ്ഞ പലിശയ്ക്ക് സംരംഭം തുടങ്ങാൻ നിലവിൽ സൗകര്യമുണ്ട്. ഇത് പ്രയോജനപ്പെടുത്തണമെന്നും വേണ്ട സൗകര്യങ്ങൾ നല്കണമെന്നും അവലോകന യോഗത്തിൽ നിർദേശിച്ചു.


ബാങ്കുകളുടെ പ്രവർത്തനവും പരാതികളും യോഗത്തിൽ പരിശോധിച്ചു. ബാങ്കുകളുടെ നിക്ഷേപ - വായ്പാ നിരക്ക് ഉയർത്തുന്നതിന് വേണ്ട നിർദേശങ്ങൾ നൽകി. സാമ്പത്തിക സാക്ഷരതാ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനും ആവശ്യമായ ബ്ലോക്കുകളിൽ സാമ്പത്തിക സാക്ഷരതാ കൗൺസിലർമാരെ നിയമിക്കുന്നതിനും തീരുമാനിച്ചു.