മലയാലപ്പുഴ പുതിയ പൊലീസ് സ്റ്റേഷന്‍ കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

post

നാട് ദുരന്തങ്ങള്‍ നേരിട്ടപ്പോള്‍ പോലീസ് സേന ജനോന്മുഖമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു

വിവിധ ദുരന്തങ്ങള്‍ നാട് നേരിട്ടപ്പോള്‍ പോലീസ് സേന ജനോന്മുഖമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ച വച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മലയാലപ്പുഴയിലെ പുതിയ പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഏത് തരത്തിലുള്ള വെല്ലുവിളികളും സമചിത്തതയോടെയാണ് പോലീസ് നേരിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെളിവില്ലാത്ത കുറ്റകൃത്യങ്ങള്‍ പോലും കൃത്യതയോടെ അന്വേഷിച്ച് കേസ് തെളിയിക്കാന്‍ പോലീസിന് കഴിയുന്നുണ്ട്. മാത്രമല്ല ശരിയായ ദിശയില്‍ തന്നെയാണ് എല്ലാ പ്രശ്നങ്ങളേയും സര്‍ക്കാരും പോലീസ് സേനയും നേരിടുന്നത്. കൂടുതല്‍ ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ പോലീസിന് ഇനിയും കഴിയട്ടെയെന്നും അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ മികച്ച രീതിയില്‍ തന്നെ സര്‍ക്കാര്‍ ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവില്‍ പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിച്ചു വരുന്ന പഴയ കെട്ടിടത്തിന് സമീപം മലയാലപ്പുഴ പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്ന പത്തര സെന്റ് വസ്തുവിലാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടം നിര്‍മിച്ചത്. 4466 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തില്‍ 97 ലക്ഷം രൂപ മുതല്‍ മുടക്കിലാണ് പോലീസ് സ്റ്റേഷന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.

2016 ജനുവരി 16 നാണ് മലയാലപ്പുഴയില്‍ പോലീസ് സ്റ്റേഷന്‍ തുടങ്ങിയത്. 2019 ഡിസംബര്‍ 12 നാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മാണം തുടങ്ങിയത്. 2018 ലെ സ്റ്റേറ്റ് പ്ലാന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മാണം നടത്തിയത്. മലയാലപ്പുഴ പഞ്ചായത്ത് മുഴുവനും വടശേരിക്കര പഞ്ചായത്തിന്റെ ആറു വാര്‍ഡുകളും മൈലപ്ര പഞ്ചായത്തിന്റെ ഒരു വാര്‍ഡും ഉള്‍പ്പെടുന്നതാണ് സ്റ്റേഷന്റെ അധികാര പരിധി.

നൂതന സൗകര്യങ്ങളോടുകൂടിയ എസ്.എച്ച്.ഒയുടെ മുറി, എസ്.ഐമാരുടെ മുറി, പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള വിശ്രമമുറി, റിസപ്ഷന്‍, സന്ദര്‍ശകര്‍ക്കുള്ള സ്ഥലം, റൈറ്റര്‍മാര്‍ക്കുള്ള മുറി, തൊണ്ടി റൂം, ക്രൈം വിംഗ് സിസിടിഎന്‍എസ് മുറി, ബെല്‍ ഓഫ് ആംസ്, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകമായുള്ള ലോക്ക് അപ്പ് എന്നീ സൗകര്യങ്ങളാണ് പുതിയ കെട്ടിടത്തില്‍ ഒരുക്കിയിരിക്കുന്നത്.