ഭയമില്ലാതെ അന്തിയുറങ്ങാം; സന്തോഷത്തിന്റെ നിറവില്‍ കവിതയും കുടുംബവും

post

തൃശ്ശൂര്‍: ജില്ലയില്‍ പാറളം പഞ്ചായത്തില്‍ താണിക്കമുനയത്ത് മൂന്നാം വാര്‍ഡില്‍ സന്തോഷത്തിന്റെ നിറവിലാണ് കവിതയും കുടുംബവും. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മാസം വരെ തകര്‍ന്ന കൂരക്ക് കീഴില്‍ ഭീതിയോടെ കഴിഞ്ഞ ഈ കുടുംബത്തില്‍ പുഞ്ചിരി വിടര്‍ത്തിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതി. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി മികച്ച സൗകര്യത്തോടെ നിര്‍മ്മിച്ച ഉമ്മറവും, സിറ്റിംഗ് റൂമും, രണ്ട് കിടപ്പുമുറിയും അടുക്കളയും ഉള്‍പ്പെടെ 420 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുളള വീടാണ് കവിതയ്ക്ക് ലഭിച്ചത്

വാര്‍ദ്ധക്യത്തിന്റെ അവശതകളില്‍ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന രണ്ട് മുത്തശ്ശിമാരും ഗോപിക, ദേവിക എന്നീ രണ്ട് പെണ്‍മക്കളും അടങ്ങിയതാണ് കവിതയുടെ കുടുംബം. കവിതയുടെ അമ്മ കാര്‍ത്ത്യാനി അമ്മയും കവിതയുടെ ഭര്‍തൃമാതാവ് സത്യഭാമാമ്മയും പ്രായാധിക്യം മൂലം രോഗാവസ്ഥയില്‍ കഴിയുന്നവരാണ്. ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ഭര്‍ത്താവ് ഗോപി മരിച്ചതോടെ പ്രതിസന്ധിയിലായ ഈ കുടുംബത്തിന്റെ ഏക അത്താണിയാണ് കവിത. ഇപ്പോള്‍ തൃശ്ശൂരില്‍ ഒരു സ്വകാര്യ ഹോള്‍സെയില്‍ മരുന്നുകടയില്‍ ജോലി ചെയ്യുകയാണ് കവിത. സ്വന്തമായൊരു നല്ല വീട് സ്വപ്നം പോലും കാണാത്ത ഇവര്‍ അടച്ചുറപ്പോടുകൂടിയ സുരക്ഷിതഭവനം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷത്തിലാണിപ്പോള്‍.