വിസ്മയ കാഴ്ചകളും സാഹസികതയുടെ പുത്തൻ അനുഭവങ്ങളുമായി ആക്കുളം ടൂറിസ്റ്റ് വില്ലേജ്

post

തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ സാഹസിക വിനോദ സഞ്ചാര കേന്ദ്രം ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ ഒരുങ്ങി. ആകാശ സൈക്കിളിംഗ്, സിപ് ലൈൻ, ബലൂൺ കാസിൽ, ബർമാ ബ്രിഡ്ജ്, ബാംബൂ ലാഡർ, ഫിഷ് സ്പാ, കുട്ടികൾക്കായുള്ള ബാറ്ററി കാറുകൾ മുതലായവയുടെ ആനന്ദം ഇനി ആക്കുളത്ത് ആസ്വദിക്കാം.


മ്യൂസിക്കൽ ഫൗണ്ടയിനും അഡ്വഞ്ചർ പാർക്കും ചിൽഡ്രൻസ് പാർക്കും ഉൾപ്പെടുന്ന വിസ്മയ കാഴ്ചകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.പൂർണ്ണമായി എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചു കൊണ്ട് പ്രവർത്തനം ആരംഭിക്കുന്ന പാർക്കിലേക്ക് ഉദ്ഘാടന ദിവസമായ ബുധനാഴ്ച വൈകിട്ട് നാല് മണി മുതൽ സൗജന്യ പ്രവേശനം ലഭിക്കുന്നതാണ്.പുതുവത്സരം വരെ സാഹസിക വിനോദങ്ങൾ അടക്കമുള്ള പ്രവേശനങ്ങളിൽ ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ പൊതുജനങ്ങൾക്ക് 30 ശതമാനവും കുട്ടികൾക്ക് 40 ശതമാനവും ഇളവ് ഉണ്ടാകും.