സ്വാതന്ത്ര്യ സമര സ്മരണകളുണർത്തി 'സ്വാതന്ത്ര്യത്തിന്റെ കൈയ്യൊപ്പ്

post

സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ധീര സ്മരണകൾ ഉണർത്താൻ "സ്വാതന്ത്ര്യത്തിന്റെ കൈയ്യൊപ്പ്" ചാർത്തി കുരുന്നുകൾ. സ്വാതന്ത്ര്യ സംരക്ഷണത്തിന്റെ അടയാളമായി വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും ഓരോരുത്തരായി തങ്ങളുടെ കയ്യൊപ്പ് വെള്ളത്തുണിയിൽ പതിപ്പിച്ചതോടെ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ സമാപന ആഘോഷങ്ങൾക്ക് തുടക്കമായി. "ആസാദി കാ അമൃത് മഹോത്സവ്" ആഘോഷങ്ങളുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ കോടന്നൂർ സെന്റ് ആന്റണിസ് യു പി സ്കൂളിൽ നടന്ന "സ്വാതന്ത്ര്യത്തിന്റെ കൈയ്യൊപ്പ്" പരിപാടിയുടെ ജില്ലാതല ഉദ്ഘാടന ചടങ്ങാണ് ശ്രദ്ധേയമായത്.

ജില്ലയിലെ 1028 സ്കൂളുകളിലാണ് ഒരേ സമയം പരിപാടി നടന്നത്. ജില്ലയിലാകെ 7 ലക്ഷത്തിലേറെ സ്വാതന്ത്ര്യത്തിന്റെ കൈയ്യൊപ്പുകൾ അടയാളപ്പെടുത്തി. തുടർന്ന് ചെറുയോഗങ്ങളും സംഘടിപ്പിച്ചു. 10 മീറ്റർ തുണിയിൽ സി സി മുകുന്ദൻ എം എൽ എ ആദ്യം ഒപ്പുവെച്ച് പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു. 

ഓരോ വിദ്യാലയത്തിലും അഞ്ച് മീറ്ററിൽ കുറയാത്ത വെള്ളത്തുണി ചുമരിലോ തൂണിലോ വലിച്ച് കെട്ടിയ ശേഷം സ്വാതന്ത്ര്യ സംരക്ഷണത്തിന്റെ അടയാളമായാണ് വിദ്യാർത്ഥികളും അധ്യാപകരും മറ്റു ജനപ്രതിനിധികളും ഓരോരുത്തരായി തങ്ങളുടെ കൈയ്യൊപ്പ് ചാർത്തിയത്.

സ്വാതന്ത്ര്യത്തിന്റെ 75 അമൃത വർഷങ്ങൾ എന്ന പേരിൽ കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനവും ചടങ്ങിൽ നടന്നു. ആഗസ്റ്റ്10 മുതൽ 15 വരെയാണ് ജില്ലയിൽ ആസാദി കാ അമൃത് മഹോത്സവ് സംഘടിപ്പിക്കുക. വിദ്യാഭ്യാസ വകുപ്പിനൊപ്പം തൃശൂർ ജില്ല ഇൻഫർമേഷൻ ഓഫീസും , ഗാന്ധി ദർശനും , ജില്ലാ ശാസ്ത്ര ക്ലബ്ബും സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.