റേഷന്‍ ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്താന്‍ നിര്‍ദേശം

post

കണ്ണൂര്‍: റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കണമെന്ന് നിര്‍ദേശം. എഡിഎം ഇ പി മേഴ്‌സിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് നിര്‍ദേശമുയര്‍ന്നത്. 2013ലെ ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം അനുശാസിക്കുന്നത് പ്രകാരം എല്ലാ ഗുണഭോക്താക്കള്‍ക്കും കൃത്യമായ അളവിലും തൂക്കത്തിലും ഗുണനിലവാരത്തിലുമുള്ള ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ചും സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതി, കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും നല്‍കുന്ന വിവിധ പോഷകാഹാര പദ്ധതികള്‍ എന്നിവ അവലോകനം ചെയ്യുന്നതിനുമാണ് യോഗം ചേര്‍ന്നത്.

ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ഇത് സംബന്ധിച്ച് എഫ്‌സിഐ അധികൃതര്‍, സിവില്‍ സപ്ലൈസ് അധികൃതര്‍, റേഷന്‍കടയുടമകള്‍ എന്നിവര്‍ക്ക് എഡിഎം കര്‍ശന നിര്‍ദേശം നല്‍കി. ചിലയിടങ്ങളില്‍ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യാനെത്തിച്ച അരിയില്‍ ജീവികളുടെ കാഷ്ഠമടക്കമുള്ള മാലിന്യങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് ഇത്. കൃത്യമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ എഫ്‌സിഐ ഡിപ്പോകളില്‍ നിന്നും ധാന്യങ്ങള്‍ വിതരണം ചെയ്യാവൂ എന്നും കൈകൊണ്ട് തുന്നിക്കെട്ടിയ ചാക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യാന്‍ പാടില്ലെന്നും യോഗം നിര്‍ദേശിച്ചു. എഫ്‌സിഐ ഗോഡൗണുകളില്‍ നിന്നും വിതരണം ചെയ്യുന്ന ചാക്കുകള്‍ പ്രത്യേകം ടാഗ് ചെയ്യണമെന്നും നിര്‍ദേശമുണ്ട്. 

ഭക്ഷ്യധാന്യങ്ങളുടെ വിതരണം ഗുണനിലവാരം സംബന്ധിച്ച പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കുന്നതിനായി ജില്ല, താലൂക്ക്, റേഷന്‍കട തല വിജിലന്‍സ് കമ്മിറ്റികള്‍ രൂപീകരിക്കും. പ്രാദേശിക തലത്തിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി താലൂക്ക് തലത്തില്‍ എല്ലാ മാസവും റേഷന്‍ ഡീലേഴ്‌സിന്റെയും ഉദ്യോഗസ്ഥരുടെയും യോഗം ചേരണമെന്നും നിര്‍ദ്ദേശമുയര്‍ന്നു.

എഡിഎമ്മിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസ് സീനീയര്‍ സൂപ്രണ്ട് കെ കെ ഗീത, ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി  ക്വാളിറ്റി കണ്‍ട്രോളര്‍ കെ അമ്പിളി, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, ഡിപ്പോ മാനേജര്‍മാര്‍, ഗോഡൗണ്‍ ഇന്‍ ചാര്‍ജുമാര്‍, റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.