4404 വഴിവിളക്കുകള്‍; പ്രകാശം പരത്തി 'നിലാവ്'

post

തെരുവു വിളക്കുകള്‍ എല്‍.ഇ.ഡിയിലേക്ക് മാറ്റുന്ന നിലാവ് പദ്ധതിയിലൂടെ ജില്ലയില്‍ ഇതുവരെ 4404 എല്‍.ഇ.ഡി ബള്‍ബുകള്‍ സ്ഥാപിച്ചു. കല്‍പ്പറ്റ മുനിസിപ്പാലിറ്റി പരിധിയിലാണ് ഏറ്റവും കൂടുതല്‍ എല്‍.ഇ.ഡി വിളക്കുകള്‍ തെളിഞ്ഞത്. ആയിരം എല്‍.ഇ.ഡി വിളക്കുകളാണ് കല്‍പ്പറ്റ നഗരസഭ പരിധിയിലുളളത്.

എല്ലാ സ്വയംഭരണ സ്ഥാപനങ്ങളിലും തെരുവു വിളക്കുകളില്‍ എല്‍.ഇ.ഡി ബള്‍ബുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ നടക്കുന്നുണ്ട്. തെരുവ് വിളക്കുകളിലുണ്ടായിരുന്ന പരമ്പരാഗത ബള്‍ബുകള്‍ മാറ്റി പകരം എല്‍.ഇ.ഡി ബള്‍ബുകള്‍ സ്ഥാപിക്കുന്നതിലൂടെ ഊര്‍ജ സംരക്ഷണവും പരിസ്ഥിതി ആഘാത ലഘൂകരണവുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ബില്‍ ഇനത്തില്‍ നല്‍കി വരുന്ന അധിക ചിലവ് കുറക്കാനും പദ്ധതി സഹായിക്കും. 2021 ല്‍ മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയില്‍ ഉള്‍പ്പെടുത്തി കിഫ്ബി യുടെ സഹായത്തോടെ സംസ്ഥാനത്ത് 289.82 കോടി രൂപ ചെലവിട്ടാണ് നിലാവ് പദ്ധതി നടപ്പാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ നടപ്പിലാക്കുന്ന നിലാവ് പദ്ധതിയില്‍ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായി കെ.എസ്.ഇ.ബിയെയാണ് ചുമതലപ്പെടുത്തിയത്. തദ്ദേശ സ്ഥാപന ങ്ങളുടെ ആവശ്യത്തിന് അനുസരിച്ചുള്ള ബള്‍ബുകള്‍ വാങ്ങി കെ.എസ്.ഇ.ബി പോസ്റ്റുകളില്‍ സ്ഥാപിക്കും.

അതിന്റെ മുന്നോടിയായി ബള്‍ബുകളുടെ പ്രവര്‍ത്തന യൂണിറ്റ് കണക്കാക്കുന്നതിന് ആവശ്യമായ സ്ട്രീറ്റ് മെയിന്‍ സംവിധാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പോസ്റ്റുകളില്‍ സ്ഥാപിക്കണം. ബള്‍ബുകളുടെ പരിപാലന ചുമതലയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. തദ്ദേശ സ്ഥാപനങ്ങള്‍ എല്‍.ഇ.ഡി ബള്‍ബുകള്‍ സ്ഥാപിക്കാനുള്ള സൗകര്യമൊരുക്കി നല്‍കുന്നതിന്റെ അടിസ്ഥാനത്തിലാ ണ് കെ.എസ്.ഇ.ബി ബള്‍ബുകള്‍ സ്ഥാപിക്കുക. ജനങ്ങള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഏറെ ഗുണകരമാകുന്ന നിലാവ് പദ്ധതിക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്