ക്ഷീര കര്‍ഷക സംഗമം ഡയറി എക്‌സ്‌പോയ്ക്ക് തുടക്കമായി

post

തിരുവനന്തപുരം : വരുന്ന വര്‍ഷം കേരളം പാലുല്പാദന രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുമെന്ന് മന്ത്രി ഇ. പി ജയരാജന്‍. ഏഴാമത് സംസ്ഥാന ക്ഷീര കര്‍ഷക സംഗമം 2020 ന്റെ ഭാഗമായുള്ള  കേരള ഡയറി എക്‌സ്‌പോ 2020 മൂന്നാം പതിപ്പിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രം പാലുല്‍പ്പാദിപ്പിച്ചിരുന്ന  ഒരു ചെറിയ രംഗമായിരുന്നു ക്ഷീരമേഖല മുന്‍പ്. പിന്നീട്  സഹകരണ പ്രസ്ഥാനങ്ങള്‍ ഈ രംഗത്ത് സജീവമായതോടെ  ക്ഷീരകര്‍ഷകരെ  പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ആരംഭിച്ച് ക്ഷീരമേഖലയെ ശക്തിപ്പെടുത്തി. 87  ലക്ഷം ലിറ്റര്‍ പാലിന്റെ മാര്‍ക്കറ്റ് കേരളത്തിലുണ്ട്. ഇതില്‍ ഒരു ദിവസം 80 ലക്ഷം ലിറ്റര്‍ പാല്‍ കേരളത്തില്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഏഴുലക്ഷംലിറ്റര്‍കൂടി ഉല്‍പ്പാദനം കൈവരിക്കുന്നതോടെ ഈ രംഗത്ത് കേരളം സ്വയം പര്യപ്തത കൈവരിക്കുമെന്നും മന്ത്രി  അവകാശപ്പെട്ടു. എട്ടു കോടിയോളം കുടുംബങ്ങള്‍ രാജ്യത്ത് ക്ഷീരമേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധങ്ങളായ സാങ്കേതിക വിദ്യകള്‍ കൃഷിക്കാരെ പരിചയപ്പെടുത്താനും പഠിപ്പിക്കാനും പ്രായോഗികമായി നടപ്പിലാക്കാനും ഈ പ്രദര്‍ശന മേളയിലൂടെ ഉദ്ദേശിക്കുന്നുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ക്ഷീര വികസന വകുപ്പ് മന്ത്രി കെ. രാജു അധ്യക്ഷത വഹിച്ചു. ക്ഷീര മേഖലയെ സജീവമാക്കാന്‍ കഴിഞ്ഞ മൂന്നുവര്‍ഷംകൊണ്ട് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ചുരുങ്ങിയ കാലയളവില്‍ ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പ്പാദിപ്പിച്ചതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ബഹുമതി കേരളത്തെ തേടിയെത്തിയത് അംഗീകാരമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ആര്‍.സി.ഇ.പി കരാര്‍ ഏറ്റവും ദോഷകരമായി ബാധിക്കുക ക്ഷീര മേഖലയെയും കര്‍ഷകരെയുമാണ്. ആര്‍.സി.ഇ.പി കരാറില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍  താത്കാലികമായി പിന്‍മാറിയത് രാജ്യത്ത് ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ്. കരാറില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്നാവശ്യപ്പെട്ട്  ഐക്യകണ്‌ഠേന പ്രമേയം പാസാക്കിയതായും മന്ത്രി പറഞ്ഞു. അഡ്വ. വി.കെ പ്രശാന്ത് എം.എല്‍.എ  മുഖ്യപ്രഭാഷണം നടത്തി. തിരുവനന്തപുരം ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, ടി.ആര്‍.സി.എം.പി.യു ഭരണസമിതി അംഗം എസ്. അയ്യപ്പന്‍ നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ക്ഷീരസംഗമം 28ന് സമാപിക്കും.