'ഹര്‍ ഘര്‍ തിരംഗ': ജില്ലയിൽ രണ്ടര ലക്ഷം പതാകകൾ വാനിലുയരും

post

ഒരുക്കുന്നത് കുടുംബശ്രീ

രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ആവേശം വിതറി തൃശൂർ ജില്ലയുടെ ആകാശങ്ങളിൽ കുടുംബശ്രീ തീർത്ത പാതകകൾ പാറിക്കളിക്കും. രണ്ടര ലക്ഷം ത്രിവർണ പതാകകളാണ് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി തൃശൂർ ജില്ലയിൽ കുടുംബശ്രീ തയ്യാറാക്കുന്നത്. ദേശീയപതാകയ്ക്ക് ആദരവ് നല്‍കുന്നതിനോടൊപ്പം പൗരന്‍മാര്‍ക്ക് ദേശീയപതാകയോടുള്ള വൈകാരിക ബന്ധം ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാരിന്റെ 'ഹര്‍ ഘര്‍ തിരംഗ' പ്രചാരണ പരിപാടിയുടെ ഭാഗമായാണ് പതാക നിർമ്മാണം.

പ്രചാരണത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ത്രിവര്‍ണ്ണ പതാക ഉയർത്താൻ കേന്ദ്രസർക്കാർ ആഹ്വാനം ചെയ്തിട്ടുണ്ട്. ആഗസ്റ്റ് 13 മുതല്‍ 15 വരെ സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലുമാണ് ത്രിവര്‍ണ്ണ പതാക ഉയർത്തുക.

കുടുംബശ്രീയുടെ കീഴിലുള്ള 191 തയ്യല്‍ യൂണിറ്റുകളിലെ 580 അംഗങ്ങള്‍ പതാക തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഒരു സിഡിഎസ് ചുരുങ്ങിയത് 1500 പതാകകൾ നിർമ്മിക്കണം. നിലവിൽ 204117 പതാകകൾക്കുള്ള ഓർഡർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ചു. ഇത് കൂടാതെ 50000 പതാക കൂടി തയ്ച്ച് അയൽക്കൂട്ടങ്ങൾ വഴി വിതരണം ചെയ്തു. ആകെ 250000 പതാക വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ചതായി ജില്ലാ മിഷൻ കോർഡിനേറ്റർ നിർമൽ എസ് സി അറിയിച്ചു.

ഏഴ് വ്യത്യസ്ത അളവുകളിലാണ് പതാകകള്‍ നിര്‍മിക്കുന്നത്. 20 മുതല്‍ 40 രൂപ വരെയാണ് വില. സ്‌കൂളുകള്‍ക്കാവശ്യമായ പതാകയുടെ എണ്ണം സ്‌കൂള്‍ അധികൃതര്‍ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കും. ഇതോടൊപ്പം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഇല്ലാത്ത വീടുകളിലേക്ക് ആവശ്യമായ പതാകയുടെ എണ്ണവും കൂടി കണക്കാക്കി ആകെ വേണ്ടിവരുന്ന പതാകകളുടെ എണ്ണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്ററെ അറിയിക്കും. ഈ ആവശ്യകത അനുസരിച്ച് തയാറാക്കിയ പതാകകള്‍ കുടുംബശ്രീ, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്യും.