ഹരിതകര്‍മ്മ സേനയിലൂടെ ശുചിത്വകേരളം സാക്ഷാത്കരിക്കും
ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങളിലൂടെ ശുചിത്വ കേരളമെന്ന സ്വപ്നം സാക്ഷാത്കരിക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ജില്ലാതല ഹരിതകര്‍മ്മസേന സംഗമവും ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് ആപ്പിന്റെ ജില്ലാതല ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് ജയന് മെമ്മോറിയല്‍ ഹാളില്‍ നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.
ഹരിതസേനയുടെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാകണം. വീട്ടമ്മമാര്‍ക്ക് തൊഴിലും വരുമാനവും നല്കി കൂടുതല്‍ വീടുകളിലേക്ക് മാലിന്യനീക്ക പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ കഴിഞ്ഞാല്‍ വലിയ മാറ്റം സാധ്യമാക്കാമെന്നും മന്ത്രി പറഞ്ഞു.










