ആഫ്രിക്കന്‍ പന്നിപ്പനി; കണിച്ചാറില്‍ പന്നികളുടെ നശീകരണം തുടങ്ങി

post

ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലെ കണിച്ചാര്‍ പഞ്ചായത്തില്‍ പന്നികളുടെ ഉന്മൂലനവും മറവുചെയ്യലും ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ 20അംഗ ദ്രുതകര്‍മ സേനയാണ് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. സീനിയര്‍ വെറ്ററിനറി സര്‍ജന്‍മാരായ വി. പ്രശാന്ത്, ഡോ. പി. ഗിരീഷ് കുമാര്‍ എന്നിവരോടൊപ്പം ഡോക്ടര്‍മാരും ഫീല്‍ഡ് ഓഫീസര്‍മാരും സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരും അടങ്ങുന്ന സംഘം ഫാമിന്റെ പരിസരത്ത് തന്നെ താമസിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

മൂന്നുദിവസം സംഘം രോഗബാധിത പ്രദേശത്ത് ക്യാമ്പ് ചെയ്യും. ആദ്യഘട്ടമായി ഫാമും പരിസരവും ശുചീകരിച്ച് നശീകരണം നടത്തും. പന്നികളെ ഇലക്ട്രിക് സ്റ്റണ്ണിങ് വഴി ബോധരഹിതരാക്കിയാണ് ദയാവധം ചെയ്യുന്നത്. ഇതിനായി പരിശീലനം നേടിയ വയനാട് ജില്ലയിലെ സംഘത്തിന്റെ സഹായവും തേടിയിട്ടുണ്ട്. ഉന്മൂലനം ചെയ്യാന്‍ ചുമതലപ്പെടുത്തിയ തൊഴിലാളികളും മൂന്നുദിവസം രോഗബാധ പ്രദേശത്തു താമസിക്കും. മനുഷ്യര്‍ക്കോ മറ്റു മൃഗങ്ങള്‍ക്കോ രോഗം പകരില്ലെങ്കിലും അണുബാധ തടയുന്നതിനായി പി പി ഇ കിറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളോടെയാണ് കര്‍മസേന പ്രവര്‍ത്തിക്കുക.

ആദ്യത്തെ ഫാമിലെ 95 പന്നികളെയാണ് നശിപ്പിക്കുന്നത്. അണുനശീകരണം നടത്തുന്നതിന് അഗ്നിശമനസേനയുടെ സേവനവും ഉപയോഗിക്കും. രണ്ടാംഘട്ടത്തില്‍ രോഗബാധിത പ്രദേശത്തുള്ള മറ്റൊരു ഫാമിലെ 176 പന്നികളെ കൂടി ദയാവധം നടത്തുന്നതോടെ രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും.

ഫാമിന്റെ 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളിലെ പന്നികളെ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയും ആവശ്യമെങ്കില്‍ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്യും. പ്രാദേശിക രോഗനിര്‍ണ്ണയ ലബോറട്ടറിയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഇ വി ബാലഗോപാല്‍ സര്‍വയലന്‍സ് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കും. രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനായി ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ മുഴുവന്‍ സമയ കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്.

കണിച്ചാര്‍ പഞ്ചായത്തിലെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. എസ് ജെ ലേഖ, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ബി അജിത് ബാബു എന്നിവര്‍ പഞ്ചായത്തില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ഒ എം അജിത, ജില്ലാ കോഓര്‍ഡിനേറ്റര്‍ ഡോ. കെ ജെ വര്‍ഗ്ഗീസ് എന്നിവര്‍ കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.