പായ്ക്കിംഗില്‍ അന്താരാഷ്ട്ര നിലവാരം പുലര്‍ത്താനാകണം : മന്ത്രി വി.എസ്. സുനില്‍കുമാര്‍

post

സംരംഭകര്‍ക്കുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : മൂല്യവര്‍ധിത കാര്‍ഷികോല്പന്നങ്ങളുടെ പായ്ക്കിംഗില്‍ അന്താരാഷ്ട്ര നിലവാരം പുലര്‍ത്താനാകണമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍. ഉല്പന്നങ്ങളുടെ പ്രകൃതി ദത്തമായ ഗുണങ്ങള്‍ക്ക് കോട്ടം തട്ടാതെയുള്ള പായ്ക്കിംഗ് രീതി അവലംബിക്കണമെന്നും മന്ത്രി പറഞ്ഞു. സമേതിയില്‍ പൊതു സ്വകാര്യ മേഖലയിലെ സംരംഭകര്‍ക്കായി പായ്ക്കിംഗിലെ നൂതന പ്രവണതകള്‍ സംബന്ധിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിപണി കണ്ടെത്തുക എന്നതാണ് സംരംഭകര്‍ നേരിടുന്ന പ്രധാന പ്രശ്‌നമെന്നും മികച്ച പായ്ക്കിംഗിലൂടെ ഇതിന് പരിഹാരം കാണാനാകുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ഫാമുകളില്‍ പൊതുവായ പായ്ക്കിംഗ് രീതി അവലംബിക്കണം. കൃഷി സുസ്ഥിരമായി വികസിക്കാന്‍ മൂല്യവര്‍ധനവ് ഉണ്ടാകണം. ഇതിനായി കര്‍ഷകരും ഗവേഷണ സ്ഥാപനങ്ങളും സംരംഭകരും ഒരുമിച്ച് നില്‍ക്കണം. കൃഷി അനുബന്ധ മേഖലകളില്‍ കേരളത്തിലെ തലമുറ കടന്നു വരണമെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിംഗിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശീലന പ്രവര്‍ത്തനങ്ങള്‍ നടന്നത്. വൈഗ 2020 ല്‍ നിന്നും ഉരുത്തിരിഞ്ഞ പ്രധാന ആവശ്യമായിരുന്നു സംരംഭകര്‍ക്ക് പായ്ക്കിംഗില്‍ പരിശീലനം നല്‍കണമെന്നത്. പരിശീലന പരിപാടി പൂര്‍ത്തിയാകുന്നതോടെ ഇതില്‍ നിന്ന് ഉയരുന്ന ആശയങ്ങള്‍ ഉള്‍പ്പെടുത്തി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിംഗുമായി ധാരണപത്രം ഒപ്പിടാന്‍ ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചു. ചെന്നൈ ഐ.ഐ.പി. ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.ബി. ലാല്‍വാനി, എസ്.എഫ്.എ.സി. മാനേജിംഗ് ഡയറക്ടര്‍ ബാബു ടി. ജോര്‍ജ്, കെ.എം. ഭാസ്‌കരന്‍, രജത വി. തുടങ്ങിയവര്‍ സംബന്ധിച്ചു.