കശ്മീരി യുവജന വിനിമയ പരിപാടിക്ക് തുടക്കമായി

post

ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: വൈവിധ്യങ്ങള്‍ക്കിടയിലെ ഏകത്വമാണ് ഇന്ത്യയുടെ മുഖമുദ്രയെന്നും അറിവിന്റെയും വിവേകത്തിന്റെയും പാരമ്പര്യമാണ് ഇന്ത്യന്‍ സംസ്‌കാരത്തെ നയിക്കുന്നതെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. നെഹ്‌റു യുവകേന്ദ്ര സംഘടന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കശ്മീരി യുവജന വിനിമയ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കശ്മീരില്‍ നിന്നുള്ള 18 മുതല്‍ 22 വയസ് വരെ പ്രായമുള്ള 132 യുവാക്കളാണ് യുവജന വിനിമയ പരിപാടിയുടെ ഭാഗമായി കേരള സന്ദര്‍ശനത്തിനെത്തിയത്. 23 മുതല്‍ 28 വരെയാണ് പരിപാടി. അനന്ത്‌നാഗ്, കുപ്‌വാര, ബാരാമുള്ള, ബുഡ്ഗാം, ശ്രീനഗര്‍, പുല്‍വാമ ജില്ലകളില്‍ നിന്നുള്ളവരാണ് എത്തിയിട്ടുള്ളത്. ഇവര്‍ സാംസ്‌കാരികവും ചരിത്രപരവുമായി പ്രാധാന്യമുള്ള തിരുവനന്തപുരത്തെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. പ്രമുഖരുമായുള്ള കൂടിക്കാഴ്ച, ആശയവിനിമയം, ഗ്രാമ സന്ദര്‍ശനം, കേരളത്തിലെയും കശ്മീരിലെയും പാരമ്പര്യ കലകളുടെ അവതരണം, യുവജന ക്ലബ് പ്രതിനിധികളുമായി ആശയ വിനിയമയം തുടങ്ങിയവ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ദേശീയ ഐക്യവും അഖണ്ഡതയും സമാധാനവും ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് യുവാക്കള്‍ക്കായി വിനിമയ പരിപാടി ഒരുക്കിയിരിക്കുന്നത്. വിനോദസഞ്ചാരം, ഭക്ഷണം, സംസ്‌കാരം, കരകൗശല വസ്തുക്കള്‍ തുടങ്ങിയവയുടെ അറിവിന്റെ വിനിമയവും പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നു. 

ചടങ്ങില്‍ ഒ. രാജഗോപാല്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. നെഹ്‌റു യുവകേന്ദ്ര ദേശീയ വൈസ് ചെയര്‍മാന്‍ എസ്. വിഷ്ണുവര്‍ധന്‍ റെഡ്ഢി, സംസ്ഥാന ഡയറക്ടര്‍ കെ. കുഞ്ഞഹമ്മദ്, ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍. എസ്. മനോരഞ്ജന്‍, ജില്ലാ യൂത്ത് കോഓര്‍ഡിനേറ്റര്‍ ബി. അലി സാബ്രിന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഉദ്ഘാടനചടങ്ങിനുശേഷം കശ്മീരി കലാപരിപാടികളും അരങ്ങേറി.