കുറഞ്ഞ വൈദ്യുതി നിരക്ക് കേരളത്തില്‍

post


ഇന്ത്യന്‍ ശരാശരിയില്‍ ഏറ്റവും കുറഞ്ഞ വൈദ്യുത നിരക്ക് ഈടാക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. ടി. കെ. എം എഞ്ചിനീയറിംഗ് കോളജില്‍ കെ. എസ്. ഇ. ബി, ജില്ലാ ഭരണകൂടം, എന്‍. ടി. പി. സി. എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവി വൈദ്യുതി മഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വൈദ്യുതി മേഖലയിലെ മികച്ച നേട്ടങ്ങളും സംസ്ഥാനത്തിന്റെ സവിശേഷതയാണ്. സമ്പൂര്‍ണ ഗ്രാമീണവൈദ്യുതീകരണം നടപ്പിലാക്കിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. സോളാര്‍ പദ്ധതികള്‍ വഴി ഊരുകളില്‍ വൈദ്യുതി എത്തിക്കുകയുമാണ്. പവര്‍ കട്ട് ഇല്ലാത്ത സാഹചര്യം കൊല്ലങ്ങളായി നിലനില്‍ക്കുന്നു. വോള്‍ട്ടേജ് ക്ഷാമവും നേരത്തെ തന്നെ പരിഹരിച്ചു. ആധുനീകരണത്തിന്റെ ഭാഗമായി ഭൂഗര്‍ഭ കേബിളുകളിലൂടെ വൈദ്യുതി വിതരണം സാധ്യമാക്കുന്നത് തുടരുകയാണ്.

രാജ്യത്തിന് തന്നെ മാതൃകയാകും വിധമാണ് വൈദ്യുതി രംഗത്തെ കുതിപ്പുകള്‍. ആഭ്യന്തര ഉദ്പാദനം കൂട്ടുന്നതിനുള്ള ശ്രമങ്ങളാണ് ഇനി നടത്തുക. പ്രകൃതിക്ക് ദോഷം വരാത്തവിധമുള്ള പദ്ധതികള്‍ നടപ്പിലാക്കി ആവശ്യത്തിന് വൈദ്യുതി ഉദ്പാദിപ്പിക്കുന്ന നിലയിലേക്ക് കേരളത്തിന് വളരാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. എം. നൗഷാദ് എം. എല്‍. എ അധ്യക്ഷനായി.