അഴീക്കോടെ കോളനികളില്‍ ഇനി സൗരവെളിച്ചം

വൈദ്യുതി മുടങ്ങിയാലും അഴീക്കോട് പഞ്ചായത്തിലെ പട്ടികജാതി കോളനികള്‍ ഇനി ഇരുട്ടിലാകില്ല. പഞ്ചായത്ത് സൗരസുവിധ കിറ്റ് നല്‍കിയതോടെയാണ് 49 കുടുംബങ്ങളില്‍ സൗര വെളിച്ചം തെളിഞ്ഞത്. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ചാര്‍ജിംഗ് സൗകര്യമുള്ള റാന്തല്‍, ടോര്‍ച്ചോടു കൂടിയ റേഡിയോ എന്നിവയാണ് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കിയത്. പ്രത്യേക ഘടക പദ്ധതി പ്രകാരം പട്ടികജാതി വികസന ഫണ്ടില്‍ നിന്നും 1,53,000 രൂപ ഇതിനായി ചെലവാക്കി. പള്ളിക്കുന്നുമ്പ്രം, കല്ലടത്തോട്, ചാല്‍ ഭഗത്സിംഗ് എന്നീ കോളനി വാസികള്‍ക്കാണ് കിറ്റ് ലഭിച്ചത്.
കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്താക്കുന്നതിന്റെ ആദ്യപടി കൂടിയാണ് അനര്‍ട്ട് മുഖേന നടപ്പാക്കിയ ഈ പദ്ധതി. അഞ്ച് മണിക്കൂര്‍ സൂര്യപ്രകാശം ലഭിച്ചാല്‍ റാന്തല്‍ അഞ്ച് മണിക്കൂറും രണ്ട് മണിക്കൂര്‍ പ്രകാശം ലഭിച്ചാല്‍ റേഡിയോ രണ്ട് മണിക്കൂറും പ്രവര്‍ത്തിക്കും. റാന്തലിന് അഞ്ചു വര്‍ഷവും ഇതിന്റെ പാനലിന് 25 വര്‍ഷം വാറണ്ടിയുണ്ട്. ഗുണഭോക്തൃ വിഹിതമായ 390 രൂപ അടച്ച എല്ലാ പട്ടികജാതി കുടുംബങ്ങള്‍ക്കും കിറ്റ് നല്‍കിയതായി പഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ് പറഞ്ഞു. 2020-21 സാമ്പത്തിക വര്‍ഷം പട്ടികജാതി വികസനത്തിന് വകയിരുത്തിയ 54.07 ലക്ഷം രൂപയും ചെലവഴിച്ച പഞ്ചായത്ത് കൂടിയാണ് അഴീക്കോട്.