ഇത് വാടാര്‍മല്ലി പൂവുകളുടെ ക്ഷേമാലയം

post

ഒറ്റയ്ക്ക് ഉടുപ്പിന്റെ കുടുക്കിടാനോ ഷൂ ലേയ്‌സ് കെട്ടാനോ സാധിക്കാത്തവര്‍...നിസ്സാരമെന്ന് നമുക്ക് തോന്നുന്നതൊക്കെയും സാധ്യമാക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുന്നവര്‍.. ചേര്‍ത്തു പിടിക്കാമെന്ന് ഒറ്റവാക്കില്‍ പറയാമെങ്കിലും ശാസ്ത്രീയമായ കരുതലും പരിചരണവും പരിശീലനവും നല്‍കി അവരെ സംരക്ഷിക്കുക എന്ന വലിയ വെല്ലുവിളി ഏറ്റെടുക്കുകയാണ് കരിവെള്ളൂര്‍-പെരളം പുത്തൂരിലെ ക്ഷേമാലയം ബഡ്‌സ് സ്‌പെഷല്‍ സ്‌കൂള്‍. മാനസിക വെല്ലുവിളി നേരിടുന്ന 41 പേരാണ് കരിവെള്ളൂര്‍- പെരളം പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ഈ വിദ്യാലയത്തിലെത്തുന്നത്. മക്കള്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ച് മറ്റു ജോലികള്‍ ചെയ്യാനാവാത്ത അമ്മമാര്‍ക്കായി തൊഴില്‍ കേന്ദ്രവും ഇവിടെ പ്രവര്‍ത്തിക്കുന്നു. വീട്ടകങ്ങളില്‍ ഒതുങ്ങിപ്പോകുന്ന കുട്ടികള്‍ക്കും അമ്മമാര്‍ക്കും ക്ഷേമാലയം ആശ്വാസകേന്ദ്രമാണ്.

ആറ് മുതല്‍ 18 വയസ്സുവരെയുള്ളവരാണ് ഇവിടെയെത്തുന്നത്. 30ന് മുകളില്‍ പ്രായമുള്ള മൂന്ന് പേരും ഇവര്‍ക്കൊപ്പമുണ്ട്. ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ഡൗണ്‍ സിന്‍ഡ്രോം, മള്‍ട്ടിപ്പിള്‍ ഡിസബലിറ്റി തുടങ്ങിയ വെല്ലുവിളികള്‍ നേരിടുന്നവരാണ് ഇവര്‍. രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് 3.30 വരെയാണ് ക്ഷേമാലയത്തില്‍ സമയം ചെലവഴിക്കുക. 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് തൊഴില്‍ പരിശീലനവും നല്‍കുന്നു. മൂന്ന് പേര്‍ക്ക് പ്രതിമാസം ആയിരം രൂപ സ്‌റ്റൈപ്പന്റും ലഭിക്കുന്നുണ്ട്.

ഡോര്‍ മാറ്റ്, മെഴുകുതിരി, പേപ്പര്‍ പേനകള്‍, വാടാര്‍ മല്ലി എന്ന പേരില്‍ സോപ്പ് പൊടി, ലോഷന്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളും ഇവര്‍ നിര്‍മിക്കുന്നുണ്ട്. അമ്മമാരുടെ സഹായത്തോടെയാണ് ഇത് വിറ്റഴിക്കുന്നത്. ഇതോടൊപ്പം അമ്മമാരുടെ തയ്യല്‍ യൂണിറ്റും പ്രവര്‍ത്തിക്കുന്നു. പയ്യന്നൂര്‍, എരമം-കുറ്റൂര്‍, കാങ്കോല്‍-ആലപ്പടമ്പ്, കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍, പിലിക്കോട് തുടങ്ങി മറ്റ് പ്രദേശങ്ങളില്‍ നിന്നും വിദ്യാര്‍ഥികള്‍ ഇവിടെ എത്തുന്നുണ്ട്.

പ്രിന്‍സിപ്പല്‍ എ ദീപികയും അധ്യാപിക എം വി ഷീജയും ഇവരോടൊപ്പമുണ്ട്. ആയമാരായ ടി ബീനക്കും എന്‍ പി മിനിക്കുമാണ് പരിചരണ ചുമതല. ഒപ്പം കുക്കും ഡ്രൈവറും ഉണ്ട്.

ആഴ്ചയില്‍ മൂന്ന് ദിവസം സ്പീച്ച് തെറാപ്പി നല്‍കാന്‍ കെ വി അഞ്ജലിയും ഫിസിയോതെറാപ്പിക്കായി ഫാരിഷ ഷെരീഫും ഇവിടെയെത്തുന്നു. ട്രെഡ്മില്‍, സ്റ്റാറ്റിക് സൈക്കിള്‍, ലാഡര്‍, ബോള്‍ പൂള്‍, സ്പീച്ച് കിറ്റ് തുടങ്ങിയ ഉപകരണങ്ങളില്‍ ഇവര്‍ക്കാവശ്യമായ പരിശീലനം നല്‍കുന്നുണ്ട്. 11 വയസ്സുകാരന്‍ സ്മിജുലും ഏഴ് വയസ്സുകാരി ദിയയും ഇപ്പോള്‍ കൂടുതല്‍ സ്മാര്‍ട്ടായെന്ന് രക്ഷിതാക്കള്‍ സാക്ഷ്യപ്പെടുത്തി. കൂടുതലൊന്നും അറിയില്ലെങ്കിലും വിശാലമായ ഈ ലോകം തങ്ങളുടേതു കൂടിയാണെന്ന തിരിച്ചറിവ് ഇവര്‍ക്കുണ്ട്.

പരിമിതമായ സൗകര്യങ്ങളോടെ 2009ലാണ് ക്ഷേമാലയം ബഡ്‌സ് സ്‌കൂള്‍ ആരംഭിച്ചത്. പഞ്ചായത്ത് ഭരണസമിതിയുടെ നിരന്തര പരിശ്രമങ്ങള്‍ ഈ സ്ഥാപനത്തിന്റെ വിജയത്തിനു പിന്നിലുണ്ട്. ജനകീയ പിന്തുണയോടെ സംഭാവനകള്‍ സ്വീകരിക്കുകയും കെട്ടിടം നിര്‍മ്മിക്കാന്‍ സൗജന്യമായി സ്ഥലം ലഭിക്കുകയും ചെയ്തു. പ്രതിവര്‍ഷം 30 ലക്ഷത്തോളം രൂപയുടെ പദ്ധതിയാണ് പഞ്ചായത്ത് ഇവിടെ നടപ്പാക്കുന്നത്. ജീവനക്കാരുടെ ശമ്പളം, കുട്ടികള്‍ക്കാവശ്യമായ വാഹനസൗകര്യം, ഫര്‍ണിച്ചറുകള്‍, പഠനോപകരണങ്ങള്‍ എന്നിവ നല്‍കുന്നു. എല്ലാവര്‍ഷവും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഞ്ച് ലക്ഷം രൂപ ഗ്രാന്റും ലഭിക്കുന്നുണ്ട്. ഉച്ചഭക്ഷണ പദ്ധതിയില്‍ ഭക്ഷണവും ഉറപ്പുവരുത്തുന്നു. വികസനമാനേജ്‌മെന്റ് സമിതി, സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍ എന്നിവരുടെ സഹായത്തോടെ പഠനോപകരണങ്ങള്‍, യൂനിഫോം എന്നിവ സംഭാവനയായി ലഭിക്കുന്നുമുണ്ട്. കൂക്കാനത്ത് നെസ്റ്റ് കോളേജ് സൗജന്യമായി നല്‍കിയ 50 സെന്റില്‍ ക്ഷേമാലയത്തിന് പുതിയ കെട്ടിടം ഒരുങ്ങുകയാണ്. ഒരു കോടി രൂപ ചെലവില്‍ ഒരുങ്ങുന്ന കെട്ടിടത്തിന് എം എല്‍ എ ഫണ്ടില്‍ നിന്നും 75 ലക്ഷം രൂപ ലഭിച്ചു. ജില്ലാ പഞ്ചായത്തും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇനി ഭിന്നശേഷിക്കാരുടെ പുനരധിവാസം കൂടി ഉറപ്പുവരുത്താനാണ് പഞ്ചായത്തിന്റെ ശ്രമം.