കൊല്ലത്ത് ഹരിത വിജയ കര്‍മ്മസേന ശേഖരിച്ചത് 1,09946 ടണ്‍ മാലിന്യം

post

കോര്‍പ്പറേഷന്‍ മേഖലയിലെ ഹരിത കര്‍മ്മ സേന മാലിന്യ നീക്കത്തില്‍ വിജയസേനയായി മാറുന്നു.1,09946 ടണ്‍ മാലിന്യമാണ് ഇതിനകം ഹരിത കര്‍മ്മ സേന ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറിയത്. കോര്‍പ്പറേഷന്‍ പരിധിയിലെ 88,398 വീടുകളിലും നഗരസഭയുടെ 6385 സ്ഥാപനങ്ങളിലും ജൈവ -അജൈവ മാലിന്യ നീക്കം വിജയകരമായി നടത്തിവരികയാണ് നഗരസഭയിലെ 55 വാര്‍ഡുകളിലായി 223 കര്‍മ്മ സേനാംഗങ്ങള്‍.

പ്രവര്‍ത്തന കലണ്ടറുകളുടെ അടിസ്ഥാനത്തില്‍ കൃത്യമായ കര്‍മ്മ പദ്ധതിയോടെയാണ് ശുചിത്വ സേന രംഗത്തിറങ്ങുന്നത്. ദിവസവും ശേഖരിക്കുന്ന മാലിന്യങ്ങളുടെ കണക്കുകള്‍ കൃത്യമായി രേഖപ്പെടുത്തും. പഴയ ചെരിപ്പ്,ബാഗ്, തെര്‍മോകോള്‍, മരുന്ന് സ്ട്രിപ്പ്,കണ്ണാടി, കുപ്പിച്ചില്ല്, ഇ -മാലിന്യം, തുണി മാലിന്യം തുടങ്ങിയ അജൈവ മാലിന്യങ്ങളാണ് ശേഖരിക്കുക. തരംതിരിച്ച മാലിന്യങ്ങള്‍ എം.സി.എഫ്, ആര്‍.ആര്‍.എഫ് എന്നിവിടങ്ങളില്‍ ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കരാര്‍ പ്രകാരം കൈമാറുകയാണ്.

മാലിന്യനീക്കം വേഗത്തിലാക്കാന്‍ ജി.പി.എസ് വാഹനങ്ങളും, സേനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശാസ്ത്രീയമാക്കാന്‍ സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റവും തയ്യാറാവുകയാണ്. ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ പദ്ധതികള്‍ വരുംവര്‍ഷങ്ങളില്‍ വിഭാവനം ചെയ്തു നടപ്പിലാക്കും. ഇതോടൊപ്പം കോര്‍പ്പറേഷന്‍ പരിധിയിലുള്ള മുഴുവന്‍ കിയോസ്‌കുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിനും ഏയ്റോബിക് കമ്പോസ്റ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുങ്ങും

നഗരസഭയിലെ വിവിധ ഇടങ്ങളില്‍ കുന്നുകൂടുന്ന മാലിന്യ മലകള്‍ ഇല്ലാതാക്കാന്‍ വിവിധ ഡിവിഷനുകളില്‍ മാസത്തില്‍ ഒരുതവണ നിശ്ചയിക്കപ്പെട്ട സ്ഥലത്ത് പൊതുവായ മാലിന്യ ശേഖരണവും നടന്നു വരുന്നു. ഹരിത കര്‍മ്മ സേന രൂപീകരിച്ച് മൂന്നുവര്‍ഷത്തോളമാകുമ്പോള്‍ വീടുകളിലെ മാലിന്യം ശേഖരിച്ച് കൃത്യമായി കൈമാറാനുള്ള പ്രവണതയും പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലൂടെ ഉറപ്പാക്കിയിട്ടുണ്ട്. മേയര്‍ പ്രസന്ന ഏണസ്റ്റിന്റെ നേതൃത്വത്തില്‍ ഹരിത കര്‍മ്മസേനയ്ക്ക് കൂടുതല്‍ ഉണര്‍വ്വേകുന്ന പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിച്ചുവരികയാണ്.