അനധികൃത മത്സ്യബന്ധനത്തിനെതിരെ കര്‍ശന നടപടികളുമായി ഫിഷറീസ് വകുപ്പ്

post

കൊല്ലം:  മത്സ്യസമ്പത്തിന്റെ നശീകരണത്തിന് കാരണമാകുന്ന അനധികൃത മത്സ്യബന്ധന രീതികള്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കി ഫിഷറീസ് വകുപ്പ്.  തീവ്രതയേറിയ ലൈറ്റുകള്‍ ഉപയോഗിച്ച് കടലില്‍ മത്സ്യബന്ധനം നടത്തിയ മൂന്ന് പൊങ്ങ് വള്ളങ്ങള്‍,  എട്ട് ബാറ്ററി,  20 ല്‍ പരം എല്‍ ഇ ഡി ലൈറ്റുകള്‍, മറ്റ് അനുബന്ധ ഉപകരണങ്ങള്‍ എന്നിവ പിടിച്ചെടുത്തു.  നിരോധിത മത്സ്യബന്ധനം നടത്തിയവരില്‍ നിന്നും 45000 രൂപ പിഴ ഈടാക്കുകയും ചെയ്തു. 
അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരാണ് ഇത്തരം പ്രവര്‍ത്തികളില്‍ പ്രധാനമായും ഏര്‍പ്പെട്ടുവരുന്നത്. തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ചുള്ള മത്സ്യബന്ധനം മത്സ്യസമ്പത്തിന്റെ നാശത്തിന് കാരണമാകും.  ജില്ലയില്‍ പരവൂര്‍പൊഴി മുതല്‍ അഴീക്കല്‍വരെയുള്ള സമുദ്ര ഭാഗത്ത് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ദിവസവും രാത്രി പെട്രോളിംഗ് നടത്തുന്നുണ്ട്.  അനധികൃത മത്സ്യബന്ധനത്തിനെതിരെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ചീഫ് ഗാര്‍ഡ്, നീണ്ടകര ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍,  മറൈന്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് ഗാര്‍ഡ് എന്നിവരാണ് പട്രോളിംഗ്  ഏകോപിപ്പിക്കുന്നത്.  അനധികൃത രീതിയിലുള്ള മത്സ്യബന്ധനത്തില്‍ നിന്നും തൊഴിലാളികള്‍ പിന്‍മാറണമെന്നും  കടലില്‍ പരിശോധനകള്‍ ശക്തമായി തുടരുമെന്നും കൊല്ലം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി ഗീതാകുമാരി അറിയിച്ചു.